
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘യേഴു കടൽ യേഴു മലൈ’യുടെ ആദ്യ മൂന്ന് മിനിറ്റ് പുറത്തുവിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ കാർഡാണ് വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഒരു കുഞ്ഞിന് കഥ പറഞ്ഞുകൊടുക്കുന്ന പശ്ചാത്തലത്തിലാണ് ടൈറ്റിൽ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. സൂരിയുടെ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചതിന് പിന്നാലെ ചിത്രത്തിന്റെ തുടർഭാഗങ്ങൾ തിയേറ്ററിൽ കാണാമെന്ന സൂചനയും വീഡിയോ നൽകുന്നുണ്ട്.
റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. നിവിൻ പോളിക്കൊപ്പം അഞ്ജലിയും സൂരിയും ആദ്യ മൂന്ന് മിനിറ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനും നേരത്തെ മികച്ച പ്രതികരണമാണ് ലഭിച്ചത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത്. ‘റിച്ചി’ക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘യേഴു കടൽ യേഴു മലൈ’. തിയേറ്റർ റിലീസിന് മുമ്പുതന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡിനായി മത്സരിച്ച 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.












