
ഇത്തവണത്തെ ബിഗ് ബോസ് സീസണിലെ ശ്രദ്ധേയരായ മത്സരാർഥികളിലൊരാളായിരുന്നു ഗായത്രി സുരേഷ്. സീസൺ ആരംഭിച്ച് ദിവസങ്ങൾക്കകം ലീഡർക്ക് ലഭിച്ച പ്രത്യേക അധികാരത്തിലൂടെ ഗായത്രി പുറത്തായിരുന്നെങ്കിലും പിന്നീട് ഷോയിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മാസ് എവിക്ഷനിൽ ഗായത്രിയും പുറത്തായി. എവിക്ഷന് പിന്നാലെ ഗായത്രി നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഈ സീസൺ അൺപ്രഡിക്ടബിൾ ആണ്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കു പോലും അറിയില്ലായിരുന്നു. മാസ് എവിക്ഷൻ നടക്കുമെന്ന് തലേദിവസമാണ് ഞങ്ങളോട് പറഞ്ഞത്. പരമാവധി അഞ്ച് പേരൊക്കെയാകും പുറത്തുപോകുകയെന്നാണ് കരുതിയത്. എന്നാൽ എട്ട് പേർ ഒരുമിച്ച് പുറത്തായി,’ ഗായത്രി പറഞ്ഞു.
തന്നെ കുറച്ചുകൂടി ദിവസങ്ങൾ ബിഗ് ബോസ് ഹൗസിൽ തുടരാൻ പ്രേക്ഷകർ അവസരം നൽകാമായിരുന്നുവെന്നും ഗായത്രി അഭിപ്രായപ്പെട്ടു. തിരിച്ചെത്തിയ ശേഷം തനിക്ക് മികച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിഞ്ഞെന്നാണ് തോന്നുന്നതെന്നും തന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ അനുഭവത്തെക്കുറിച്ചും ഗായത്രി സംസാരിച്ചു. ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ഒന്നാണ് ബിഗ് ബോസ് ഹൗസെന്നും എന്നാൽ ഇത്തവണ മോഹൻലാലിനെ കാണാതെ പുറത്തേക്ക് വരേണ്ടിവന്നതിൽ വിഷമമുണ്ടെന്നും ഗായത്രി പറഞ്ഞു. അതേസമയം, ഷോയിലേക്ക് പ്രവേശിച്ച സമയത്ത് ലാലേട്ടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ബിഗ് ബോസ് സീസണിൽ ആരായിരിക്കും വിജയിക്കുക എന്ന ചോദ്യത്തിന് ഷിജിന്റെ പേരാണ് ഗായത്രി പറഞ്ഞത്. വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിയാണ് ഷിജിനെന്നും എന്നാൽ അടുത്തറിയുമ്പോൾ വളരെ പാവമായ മനുഷ്യനാണെന്നും ഗായത്രി പറഞ്ഞു. ആസിഫിനും ഷിജിനും വിജയിക്കാൻ സാധ്യതയുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. ബിഗ് ബോസ് ഹൗസിൽ തനിക്ക് രാഹുൽ ചേട്ടനുമായും ജസീലയുമായും അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും എൽദോ ചേട്ടനുമായും നല്ല സൗഹൃദമാണെന്നും ഗായത്രി പറഞ്ഞു. അതേസമയം, താൻ പൊതുവെ കുറച്ച് ഡിറ്റാച്ച്ഡ് ആയിട്ടുള്ള വ്യക്തിയാണെന്നും എല്ലാവരോടും ഒരു പരിധി സൂക്ഷിക്കാറുണ്ടെന്നും ഗായത്രി വ്യക്തമാക്കി. എന്നാൽ ജസീലയുമായി തനിക്ക് കൂടുതൽ കണക്ട് ചെയ്യാൻ കഴിഞ്ഞിരുന്നുവെന്നും താരം പറഞ്ഞു.












