വിദേശ മാർക്കറ്റിലും കുതിപ്പ്; 330 കോടി പിന്നിട്ട് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

ബോക്സ് ഓഫീസിലും സോഷ്യൽ മീഡിയയിലും തരംഗം തീർത്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വിദേശ മാർക്കറ്റുകളിലും വൻ മുന്നേറ്റം തുടരുന്നു. സാക്നിൽക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 330.86 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്.

ചിത്രത്തിന്റെ ആഗോള കളക്ഷന്റെ ഏകദേശം 42 ശതമാനവും വിദേശ മാർക്കറ്റുകളിൽ നിന്നാണ്. നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, യുകെ-അയർലൻഡ്, ഓഷ്യാനിയ തുടങ്ങിയ പ്രധാന വിദേശ വിപണികളിൽനിന്നായി മാത്രം ചിത്രം 138.45 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്.

ഈ വർഷം പുറത്തിറങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങളുടെ ഓവർസീസ് കളക്ഷൻ പട്ടികയിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒന്നാം സ്ഥാനത്താണ്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് മലയാള ചിത്രങ്ങൾ ഇടംപിടിച്ചതും ശ്രദ്ധേയമാണ്. 138.45 കോടി നേടിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 111.70 കോടി നേടിയ ‘ദൃശ്യം 3’ ആണ് രണ്ടാം സ്ഥാനത്ത്.

93.50 കോടി നേടിയ വിജയ് ചിത്രം ‘ജനനായകൻ’ മൂന്നാം സ്ഥാനത്തും 85.55 കോടി നേടിയ മലയാള ചിത്രം ‘വാഴ 2’ നാലാം സ്ഥാനത്തുമാണ്. 81.15 കോടി നേടിയ സൂര്യ ചിത്രം ‘കറുപ്പ്’ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. അതേസമയം, ‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ’ ഇന്ത്യൻ ഗ്രോസ് കളക്ഷൻ 192.41 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തിയറ്റർ വിജയത്തിന് പിന്നാലെ യൂട്യൂബിലും ഒടിടി റിലീസിനുശേഷവും വലിയ ചർച്ചയായ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ്. മമിത ബൈജു നായികയായ ചിത്രത്തിന്റെ വിദേശ മാർക്കറ്റുകളിലെ മികച്ച പ്രകടനം മലയാള സിനിമയുടെ ആഗോള സ്വീകാര്യതയും ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നു.