‘എനിക്ക് നിന്നെ പഴയതുപോലെ കാണാനാവില്ല’; താഷിയോട് പൊട്ടിത്തെറിച്ച് നേഹ, ബിഗ് ബോസ് വീട്ടിൽ പ്രണയവിവാദം

ബിഗ് ബോസ് വീട്ടിൽ പുതിയൊരു ബന്ധവിള്ളൽ കൂടി വലിയ ചർച്ചയാകുന്നു. നേഹയും താഷിയും തമ്മിലുള്ള അടുപ്പമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നുവെന്ന സൂചനകൾ നൽകുന്ന സംഭാഷണങ്ങളാണ് ഏറ്റവും പുതിയ എപ്പിസോഡിൽ പുറത്തുവന്നത്. എന്നാൽ വേദാങ്കിയുമായി താഷി ഫ്ലർട്ട് ചെയ്യുന്നുവെന്ന ആരോപണം നേഹയെ ആകെ തളർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൃദുലയാണ് താഷി വേദാങ്കിയോട് ഫ്ലർട്ട് ചെയ്യുന്നുണ്ടെന്ന കാര്യം നേഹയോട് പറയുന്നത്. ഇതോടെ വിഷമത്തിലായ നേഹ നേരിട്ട് വേദാങ്കിയോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. താഷി തന്നോട് ഫ്ലർട്ട് ചെയ്യുന്നുണ്ടെന്ന് വേദാങ്കി ഉറപ്പിച്ചു പറഞ്ഞതോടെ നേഹ തകർന്നുപോകുകയായിരുന്നു. നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞ നേഹയെ മൃദുല ആശ്വസിപ്പിക്കുകയും ചെയ്തു.

പിന്നീട് നേഹ നേരിട്ട് താഷിയോട് ഇതേക്കുറിച്ച് ചോദിച്ചു. എന്നാൽ താൻ അത്തരത്തിൽ യാതൊരു കാര്യവും ചെയ്തിട്ടില്ലെന്നാണ് താഷിയുടെ വിശദീകരണം. പക്ഷേ, താഷിയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്ന് നേഹ തുറന്നുപറഞ്ഞു. ഇതോടെ സംഭാഷണം കൂടുതൽ വഷളായി. ഒടുവിൽ ‘ശരി, താങ്ക്യൂ ഫോർ എവരിതിങ്’ എന്ന് പറഞ്ഞ് താഷി അവിടെനിന്ന് എഴുന്നേറ്റുപോയി. സംഭവത്തിൽ കടുത്ത ദേഷ്യത്തിലായ നേഹ ബെഡ്‌റൂമിലെത്തി സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു.

എന്നാൽ ഈ സംഭവങ്ങളുടെ പശ്ചാത്തലം എന്താണെന്ന കാര്യത്തിൽ പ്രേക്ഷകർക്കിടയിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. നേഹയും താഷിയും തമ്മിൽ പ്രണയബന്ധത്തിലായിരുന്നുവെന്ന സൂചനകളാണ് ഇരുവരുടെയും സംഭാഷണങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഭാവിയെക്കുറിച്ച് ഇരുവരും വ്യക്തമായ പദ്ധതികൾ പങ്കുവെച്ചിരുന്നുവെന്നും വേദാങ്കിയുമായി താഷി അടുപ്പം കാണിക്കുന്നുണ്ടെങ്കിൽ തന്നോട് പറഞ്ഞതെല്ലാം സത്യമായിരുന്നോ എന്നും നേഹ ചോദിക്കുന്നുണ്ട്.

തന്റെ മുൻപ് ഉണ്ടായിരുന്ന മൂന്ന് പ്രണയബന്ധങ്ങളും സമാനമായ സാഹചര്യങ്ങളിലാണ് അവസാനിച്ചതെന്നും ഇനി ഇതുപോലൊരു അനുഭവം നേരിടാൻ കഴിയില്ലെന്നും പറഞ്ഞ് നേഹ കരയുന്ന രംഗവും ശ്രദ്ധേയമായി. എന്നാൽ ഇത്രയേറെ അടുപ്പമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന നേഹ-താഷി ബന്ധത്തിന്റെ പ്രധാന ഭാഗങ്ങളൊന്നും ഇതുവരെ ബിഗ് ബോസ് എപ്പിസോഡുകളിൽ വ്യക്തമായി കാണിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ പരാതി. ലൈവ് സ്ട്രീമിലും ഇത്തരം രംഗങ്ങൾ ഒഴിവാക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്.

മോഹൻലാൽ എത്തിയ വീക്കെൻഡ് എപ്പിസോഡിലും നേഹയും താഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ചയുണ്ടായില്ലെന്നതാണ് മറ്റൊരു വിമർശനം. നിലീന-നോബി, ഐശ്വര്യ-കൊമ്പൻ വിഷയങ്ങൾ ചർച്ചയായപ്പോൾ ഈ ബന്ധത്തെക്കുറിച്ച് എന്തുകൊണ്ട് ചോദിച്ചില്ലെന്നാണ് പ്രേക്ഷകർ ഉന്നയിക്കുന്ന ചോദ്യം. അതിനിടെ, താഷി വേദാങ്കിയോട് നേരിട്ട് ഫ്ലർട്ട് ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന മറ്റൊരു ക്ലിപ്പും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആ സംഭാഷണത്തിൽ വേദാങ്കി വ്യക്തമായ മറുപടി നൽകുന്നില്ലെങ്കിലും തനിക്ക് യോജിച്ച വ്യക്തിയല്ല വേദാങ്കിയെന്ന് താഷി പറയുന്നുണ്ട്.

ഇതിനിടെ, നേഹയെ വൈകാരികമായി തളർത്തി ഗെയിമിൽ പിന്നോട്ടടിപ്പിക്കാനുള്ള മൃദുലയുടെ തന്ത്രമായിരുന്നോ ഇതിന് പിന്നിലെന്ന സംശയവും ചില പ്രേക്ഷകർ ഉന്നയിക്കുന്നു. എന്നാൽ സംഭവങ്ങളുടെ യഥാർഥ വശം ഇനിയും വ്യക്തമാകേണ്ടതുണ്ട്. നേഹയും താഷിയും തമ്മിലുള്ള ബന്ധത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും ഇതുവരെ കാണിക്കാത്ത കാര്യങ്ങൾ വരും എപ്പിസോഡുകളിൽ പുറത്തുവരുമോയെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകർ.