
ബിഗ് ബോസ് മലയാളം സീസൺ 8 ആറാം വാരത്തിലേക്ക് കടക്കുമ്പോൾ ഹൗസിന്റെ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള പോരാട്ടം ശ്രദ്ധേയമാകുന്നു. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോ പ്രകാരം ക്യാപ്റ്റൻസി ടാസ്കിന്റെ അവസാന ഘട്ടത്തിൽ കടൽ കൊമ്പനും വേദാംഗിയുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഇരുവരിൽ ആര് വിജയിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. കഴിഞ്ഞ ആഴ്ച നാല് വൈൽഡ് കാർഡ് മത്സരാർഥികളെയും ബിഗ് ബോസ് ലീഡർമാരായി നിയോഗിച്ചിരുന്നു. എന്നാൽ ഇവരിൽ സുവർണ സ്വമേധയാ ഷോയിൽ നിന്ന് പിന്മാറി. തുടർന്ന് അവശേഷിച്ച മൂന്ന് ലീഡർമാരിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ആരാണെന്ന് ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ മറ്റ് മത്സരാർഥികളോട് ചോദിച്ചിരുന്നു. ഭൂരിഭാഗം പേരും വേദാംഗിയെ പിന്തുണച്ചതോടെ താരം ക്യാപ്റ്റൻസി നോമിനേഷനിലേക്ക് നേരിട്ട് എത്തി.
ക്യാപ്റ്റൻ സ്ഥാനം സ്വന്തമാക്കാൻ ഫിസിക്കൽ ടാസ്കാണ് ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. ഈ മത്സരത്തിൽ കടൽ കൊമ്പനാണോ വേദാംഗിയാണോ മികവ് തെളിയിക്കുക എന്നറിയാനാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്. പുതിയ ക്യാപ്റ്റൻ ആരാകുമെന്നത് വരാനിരിക്കുന്ന എപ്പിസോഡിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. അതേസമയം, ശ്രദ്ധേയ മത്സരാർഥികളിലൊരാളായ എൽദോ ജോർജ് കഴിഞ്ഞ ദിവസം ഷോയിൽ നിന്ന് പുറത്തായി. നോമിനേഷനിൽ ഉൾപ്പെട്ട മത്സരാർഥികളെ മോഹൻലാൽ ഓരോരുത്തരെയായി സേവ് ചെയ്തതോടെ അവസാനം എൽദോയും ഗൗതം ശശിയും മാത്രമാണ് അവശേഷിച്ചത്. ഇരുവരിൽ ആരാകും പുറത്താകുകയെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും ഒടുവിൽ പ്രേക്ഷകവിധി എൽദോയ്ക്ക് എതിരായി.
മുൻ സീസണുകളെ അപേക്ഷിച്ച് ഈ സീസണിൽ ഒരു മത്സരാർഥിക്ക് മറ്റുള്ളവരെക്കാൾ വ്യക്തമായ ജനപിന്തുണ ലഭിക്കുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കിരീടം ആര് നേടുമെന്ന കാര്യത്തിൽ ഉറച്ച പ്രവചനങ്ങൾ നടത്താൻ പോലും ആരാധകർക്ക് കഴിയുന്നില്ല. ഗെയിമർ എന്ന നിലയിൽ രാഹുൽ ഈശ്വർ മറ്റ് മത്സരാർഥികളേക്കാൾ മുന്നിലാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ മികവ് വോട്ടുകളാക്കി മാറ്റാൻ താരത്തിന് സാധിക്കുമോ എന്നത് കണ്ടറിയണം. ഗ്രൂപ്പുകളായി ചേർന്നുള്ള ടാസ്കുകളിലെ പ്രകടനം രാഹുലിന് തിരിച്ചടിയാകുമോ എന്ന ചർച്ചയും സജീവമാണ്. അതേസമയം, കടൽ കൊമ്പൻ, ഷിജിൻ തുടങ്ങിയ മത്സരാർഥികൾക്കും പ്രേക്ഷകപിന്തുണ ലഭിക്കുന്നുണ്ട്. ക്യാപ്റ്റൻസി പോരാട്ടവും എവിക്ഷനുകളും മത്സരാർഥികൾക്കിടയിലെ മാറുന്ന സമവാക്യങ്ങളും സീസൺ എട്ടിനെ കൂടുതൽ ആവേശകരമാക്കുകയാണ്. ആറാം വാരത്തിൽ ഹൗസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ആരാണെന്നും വരും ദിവസങ്ങളിൽ മത്സരത്തിന്റെ ഗതി എങ്ങനെ മാറുമെന്നും കാത്തിരുന്ന് കാണാം.












