
ബിഗ് ബോസ് വീട്ടിലെത്തിയതോടെ രാഹുൽ ഈശ്വർ പൊതുസമൂഹത്തിൽ നേടിയിരുന്ന അംഗീകാരവും വാക്കുകൾക്കുണ്ടായിരുന്ന വിലയും നഷ്ടപ്പെടുത്തിയെന്ന് സംവിധായകനും ബിഗ് ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ. ഷോയിലെ മറ്റ് മത്സരാർഥികൾ രാഹുൽ ഈശ്വറിനോട് പെരുമാറുന്ന രീതി കണ്ട് വിഷമം തോന്നിയെന്നും പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഒരാൾ ഇത്തരത്തിൽ അവഹേളിക്കപ്പെടേണ്ട ആളല്ലെന്നും അഖിൽ മാരാർ പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ യൂട്യൂബ് വിശകലനത്തിലാണ് പ്രതികരണം.
“അയാൾക്ക് പൊതുസമൂഹത്തിൽ ഉണ്ടായിരുന്ന അംഗീകാരവും അയാളുടെ വാക്കുകൾക്ക് ഉണ്ടായിരുന്ന ഒരു വിലയുമെല്ലാം അയാൾ പോയി ഭയങ്കരമായി നഷ്ടപ്പെടുത്തിയതായാണ് എനിക്ക് തോന്നിയത്,” എന്നായിരുന്നു അഖിൽ മാരാരുടെ വാക്കുകൾ.
കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ, മറ്റ് മത്സരാർഥികൾ രാഹുൽ ഈശ്വറിന്റെ കളിപ്പാവകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയും മത്സരാർഥികൾ സ്വന്തം നിലയിൽ ഗെയിം കളിക്കാൻ തയ്യാറാകുന്നില്ലെന്നാണ് അഖിൽ മാരാരുടെ വിമർശനം.
നിരവധി മത്സരാർഥികൾ പുറത്തായിട്ടും ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ സാഹചര്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഈശ്വറിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുമെന്നും മത്സരാർഥികൾ പറഞ്ഞിരുന്നെങ്കിലും അതൊന്നും ഗെയിമിൽ പ്രതിഫലിക്കുന്നില്ലെന്ന് അഖിൽ മാരാർ ചൂണ്ടിക്കാട്ടി.
വിക്കി തഗ്ഗിനെപ്പോലുള്ള മത്സരാർഥികളോട് ഗെയിമിൽ സജീവമാകാൻ ബിഗ് ബോസും മോഹൻലാലും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മാറ്റമുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരാർഥികൾ സ്വന്തം നിലയിൽ ചോദ്യങ്ങൾ ചോദിക്കുകയും ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന യഥാർഥ ബിഗ് ബോസ് ഗെയിമിലേക്ക് എത്തുന്നില്ലെന്നതാണ് പ്രധാന പ്രശ്നമെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.
“സ്പൂൺ ഫീഡ് ചെയ്ത്, സ്പൂൺ ഫീഡ് ചെയ്ത് ഈ ഷോയെ കുളമാക്കുകയാണ്,” എന്നായിരുന്നു ബിഗ് ബോസ് അധികൃതരുടെ ഇടപെടലുകളെയും മത്സരാർഥികളുടെ ഗെയിം രീതിയെയും വിമർശിച്ചുകൊണ്ട് അഖിൽ മാരാർ പറഞ്ഞത്.
മത്സരാർഥികൾക്ക് ഓരോ നീക്കവും പറഞ്ഞുകൊടുക്കേണ്ട സാഹചര്യം ഷോയുടെ സ്വാഭാവികതയെ ബാധിക്കുന്നുവെന്നാണ് അഖിൽ മാരാരുടെ പ്രതികരണത്തിന്റെ ചുരുക്കം. ബിഗ് ബോസ് വീട്ടിലെ മത്സരവും രാഹുൽ ഈശ്വറിന്റെ ഇടപെടലുകളും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ വിമർശനം.












