‘മരിച്ചുകൂടേയെന്ന് ചോദിച്ച് കമന്റുകൾ’; ഇഷ്ടം തോന്നിപ്പോയി, മാപ്പ് പറഞ്ഞ് നിലീന, സൈബർ ആക്രമണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരം

ബിഗ് ബോസ് മലയാളം ഷോയിൽനിന്ന് പുറത്തായതിന് പിന്നാലെ നേരിടുന്ന കടുത്ത സൈബർ ആക്രമണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മത്സരാർഥി നിലീന എലിസബത്ത് ജോസഫ്. ഒരാളോട് ഇഷ്ടം തോന്നിയതിന്റെ പേരിൽ തനിക്ക് നേരിടേണ്ടിവരുന്നത് ഭയാനകമായ അധിക്ഷേപങ്ങളാണെന്നും ദിവസവും നൂറുകണക്കിന് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും നിലീന വെളിപ്പെടുത്തി. തനിക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് മനസിലാക്കി പ്രതികരിക്കണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം അഭ്യർഥിച്ചു.

ബിഗ് ബോസിൽനിന്ന് പുറത്തായ ശേഷം മാനസികമായും ശാരീരികമായും താൻ അത്ര സുഖകരമായ അവസ്ഥയിലായിരുന്നില്ലെന്ന് നിലീന പറഞ്ഞു. ഷോയ്ക്കിടെ തനിക്ക് വോട്ട് ചെയ്തവർക്കും പുറത്തുപോകുമ്പോൾ തളരരുതെന്ന് സന്ദേശമയച്ചവർക്കും നന്ദി അറിയിച്ച താരം, ബിഗ് ബോസ് വീടിനുള്ളിലെ ജീവിതം പുറത്തുനിന്ന് കാണുന്നതുപോലെ എളുപ്പമല്ലെന്നും വ്യക്തമാക്കി.

ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യങ്ങളും സമയക്രമമില്ലാത്ത ജീവിതവും മത്സരാർഥികളെ മാനസികമായി തളർത്തുമെന്നും യാഥാർഥ്യബോധത്തെപ്പോലും ബാധിക്കുമെന്നും നിലീന പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ മാനസിക പിന്തുണ നൽകുന്നവരോട് അടുപ്പം തോന്നുന്നത് സ്വാഭാവികമാണെന്നും താരം കൂട്ടിച്ചേർത്തു.

രാഹുൽ ഈശ്വറിനോടുള്ള തന്റെ അടുപ്പത്തെക്കുറിച്ചും നിലീന സംസാരിച്ചു. ഷോയ്ക്കുള്ളിൽ താൻ എത്ര വിമർശിച്ചാലും രാഹുൽ രാത്രി വന്ന് സുഖമാണോ എന്ന് അന്വേഷിക്കാറുണ്ടായിരുന്നുവെന്നും ആ സാഹചര്യത്തിൽ രാഹുൽ തനിക്ക് ആശ്വാസമായിരുന്നുവെന്നും നിലീന പറഞ്ഞു. വീട്ടിലുള്ള ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും അവരുടെ ഗെയിമിനെയാണ് താൻ വിമർശിക്കാൻ ശ്രമിച്ചതെന്നും താരം വ്യക്തമാക്കി.

നോബിയുമായുള്ള ബന്ധത്തെക്കുറിച്ചും നിലീന വീഡിയോയിൽ വിശദീകരിച്ചു. തുടക്കത്തിൽ തന്നെ ഇരുവരും തമ്മിൽ പല സാമ്യതകളുമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ആദ്യം ചില തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായെങ്കിലും പിന്നീട് സംസാരിച്ച് പരിഹരിച്ചുവെന്നും താരം പറഞ്ഞു. വേദാംഗി ഉൾപ്പെടെയുള്ളവർ ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും നിലീന വെളിപ്പെടുത്തി.

പിന്നീട് ഒരു ഘട്ടത്തിൽ നോബിയോട് തനിക്ക് വൈകാരികമായ അടുപ്പം തോന്നിയെന്നും അത് യഥാർഥമായിരുന്നുവെന്നും നിലീന വ്യക്തമാക്കി. പുറംലോകവുമായി ബന്ധമില്ലാതെ ഒരേ സാഹചര്യത്തിൽ കഴിയുമ്പോൾ ഒപ്പമുള്ളവരിൽ ഒരാളോട് വൈകാരികമായി ആശ്രയത്വം തോന്നുന്നത് സ്വാഭാവികമാണെന്നും അന്ന് തനിക്ക് ലഭിച്ച പ്രധാന പിന്തുണ നോബിയിൽനിന്നായിരുന്നുവെന്നും താരം പറഞ്ഞു.

എന്നാൽ, ഈ അടുപ്പത്തിന്റെ പേരിൽ താൻ കടുത്ത സൈബർ ബുള്ളിയിങ്ങിന് ഇരയാകുകയാണെന്നാണ് നിലീനയുടെ വെളിപ്പെടുത്തൽ. മരിച്ചുകൂടേയെന്ന് ചോദിച്ചും പുറത്തിറങ്ങിയാൽ പീഡിപ്പിക്കാൻ ആളുകൾ കാത്തിരിക്കുകയാണെന്നുമുള്ള തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് താരം പറഞ്ഞു.

“എനിക്ക് ഒരാളോട് ഇഷ്ടം തോന്നിപ്പോയി. അതിന് ഞാൻ മാപ്പ് പറയുന്നു. ഞാനുമൊരു മനുഷ്യനാണ്, എനിക്കും ജീവിക്കാൻ യോഗ്യതയുണ്ട് എന്നു മനസിലാക്കി കമന്റ് ചെയ്യുക,” എന്നായിരുന്നു നിലീനയുടെ അഭ്യർഥന. തന്റെ വ്യക്തിപരമായ വികാരങ്ങളുടെ പേരിൽ ഒരാളെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും അംഗീകരിക്കാനാകില്ലെന്ന സന്ദേശമാണ് നിലീനയുടെ പ്രതികരണം മുന്നോട്ടുവയ്ക്കുന്നത്. ബിഗ് ബോസ് വീടിനുള്ളിലെ ബന്ധങ്ങളും മത്സരാർഥികളുടെ വ്യക്തിജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനിടെയാണ് താരത്തിന്റെ ഈ തുറന്നുപറച്ചിൽ.