‘എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്, നേഹ അങ്ങനെയല്ല; ജാസ്മിൻ ജാഫർ

ബിഗ് ബോസ് മലയാളം സീസൺ 8 മത്സരാർത്ഥി നേഹയുടെ മാതാപിതാക്കൾ നേരിട്ട് ഹൗസിലെത്തി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ജാസ്മിൻ ജാഫർ. സമാനമായ സാഹചര്യങ്ങളിലൂടെയും അതിനേക്കാൾ മോശമായ അനുഭവങ്ങളിലൂടെയും താൻ കടന്നുപോയിട്ടുണ്ടെന്നും തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന വേദന മറ്റാർക്കും ഉണ്ടാകരുതെന്ന ആഗ്രഹത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ജാസ്മിൻ വ്യക്തമാക്കി.

സമൂഹത്തിന്റെ നിരന്തരമായ കുറ്റപ്പെടുത്തലുകൾ സഹിക്കാനാകാതെയാകാം നേഹയുടെ കുടുംബം ഷോയിൽ നേരിട്ടെത്തി സംസാരിക്കാൻ തീരുമാനിച്ചതെന്ന് ജാസ്മിൻ അഭിപ്രായപ്പെട്ടു. ഇക്കാര്യം കൺഫെഷൻ റൂമിലൂടെയോ ഒരു കത്തിലൂടെയോ ബിഗ് ബോസിനെ അറിയിക്കാമായിരുന്നുവെന്നും എന്നാൽ ഹൗസിലെത്തി വികാരാധീനരായി പ്രതികരിച്ചതിലൂടെ നേഹയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർത്താൻ ചിലർക്ക് അവസരം ലഭിച്ചെന്നും അവർ ചൂണ്ടിക്കാട്ടി.

മകളോടുള്ള സ്നേഹക്കുറവോ വിഷലിപ്തമായ മാതാപിതൃ സമീപനമോ നേഹയുടെ കുടുംബത്തിന്റെ പെരുമാറ്റത്തിൽ കണ്ടില്ലെന്നും മകളെക്കുറിച്ചുള്ള ഉത്കണ്ഠയും മതപരമായ ഘടകങ്ങളും അവരുടെ പ്രതികരണത്തെ സ്വാധീനിച്ചിരിക്കാമെന്നും ജാസ്മിൻ പറഞ്ഞു. അതേസമയം, മാതാപിതാക്കളുടെ ചോദ്യങ്ങൾക്ക് നേഹ ശക്തമായി മറുപടി നൽകിയെന്നും ആ സാഹചര്യത്തെ അവൾ പക്വതയോടെ കൈകാര്യം ചെയ്തെന്നും ജാസ്മിൻ വിലയിരുത്തി.

ഒരു ആണും പെണ്ണും അടുത്തിടപഴകുന്നതോ കൈപിടിച്ച് ഇരിക്കുന്നതോ പോലും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന പ്രവണത സമൂഹത്തിലെ ചിലർക്കുണ്ടെന്നും ജാസ്മിൻ വിമർശിച്ചു. ഈ സാമൂഹിക സാഹചര്യം അറിയാവുന്നതിനാലാകാം നേഹ അകലം പാലിച്ച് പെരുമാറിയതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിനിടെ താഷി മാനസികമായി തകർന്നുപോയെന്നും അവൻ നേഹയെ ഉപയോഗിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും ജാസ്മിൻ വ്യക്തമാക്കി.

മുൻപ് ബിഗ് ബോസിൽ നടന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് സംഭവത്തെ എല്ലാവരും പിന്തുണച്ചപ്പോൾ ഇപ്പോൾ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി വിമർശനം ഉയർത്തുന്നത് എന്തിനാണെന്നും ജാസ്മിൻ ചോദിച്ചു. നേഹയുടെ മാതാപിതാക്കൾ മകളെ വിശ്വസിക്കണമെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട് വിഷമിക്കാതെ അവൾ തിരിച്ചെത്തുന്നതുവരെ സമാധാനത്തോടെ കാത്തിരിക്കണമെന്നും അവർ അഭ്യർഥിച്ചു. “എനിക്ക് സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാകരുത്. എന്നെ വെച്ചുനോക്കുമ്പോൾ നേഹ പൊന്നാണ്. എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്, എന്നാൽ അവൾ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ ചെറുക്കനെയും വെറുതെ വിടണം,” എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.