‘ആരാണ് യഥാർത്ഥ ലെജൻഡ് എന്ന് നമുക്ക് കാണാം’; ബിഗ് ബോസ് ലെഗസി വീക്ക് പ്രമോ വൈറലാകുന്നു

‘ആരാണ് യഥാർത്ഥ ലെജൻഡ് എന്ന് നമുക്ക് കാണാം’; ബിഗ് ബോസ് ലെഗസി വീക്ക് പ്രമോ വൈറലാകുന്നു

ബിഗ് ബോസ് ആരാധകർക്കിടയിൽ ആവേശം തീർത്ത് ലെഗസി വീക്ക് പ്രമോ. മുൻ സീസണുകളിലെ വിജയികളും ശ്രദ്ധേയരായ മത്സരാർത്ഥികളും ഒന്നിച്ചെത്തുന്ന പ്രമോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അവതാരകൻ മോഹൻലാലിന്റെ മാസ് എൻട്രിയും കിടിലൻ ഡയലോഗുകളുമാണ് പ്രമോയുടെ പ്രധാന ആകർഷണം. അഖിൽ മാരാർ, ജാസ്മിൻ ജാഫർ, നൂറ, അനീഷ്, ജിന്റോ, വിഷ്ണു, ബ്ലെസ്ലി, റിയാസ് സലിം തുടങ്ങിയ മുൻ മത്സരാർത്ഥികളാണ് പ്രമോയിൽ പ്രത്യക്ഷപ്പെടുന്നത്. നിലവിലെ സീസണിലെ മത്സരാർത്ഥികൾക്ക് വെല്ലുവിളിയുമായി പഴയ താരങ്ങൾ തിരിച്ചെത്തുന്നുവെന്ന സൂചനയാണ് പ്രമോ നൽകുന്നത്.

”ഇപ്പോഴത്തെ പിള്ളേരൊക്കെ കൊള്ളാം, എന്താ കളി” എന്ന അഖിൽ മാരാരുടെ ഡയലോഗോടെയാണ് പ്രമോ ആരംഭിക്കുന്നത്. ഇതിന് പിന്നാലെ ”അവർ അത്രയ്ക്ക് പൊളിയാണോ? അങ്ങനെയാണെങ്കിൽ അവർക്കൊരു പണി കൊടുക്കണ്ടേ” എന്ന ചോദ്യവുമായി ജാസ്മിൻ ജാഫറെത്തുന്നു. ”ചുമ്മാ ഒരു പണിയാക്കണ്ട, എട്ടിന്റെ പണി തന്നെ കൊടുക്കാം” എന്ന മാസ് ഡയലോഗുമായി നൂറയും എത്തുന്നു.”നമ്മൾ ഇറങ്ങിയാൽ പിള്ളേർ കുറച്ച് വിയർക്കും” എന്നാണ് അനീഷിന്റെ പ്രതികരണം. ആരാണ് യഥാർത്ഥ ലെജൻഡ്സ് എന്ന് പുതിയ താരങ്ങൾക്ക് മനസിലാക്കിക്കൊടുക്കണമെന്നാണ് വിഷ്ണു പറയുന്നത്. ”പിള്ളേർ ഇതൊക്കെ താങ്ങുമോ ആവോ” എന്ന ജിന്റോയുടെ ചോദ്യവും പ്രമോയ്ക്ക് ആവേശം കൂട്ടുന്നു. പിന്നീട് കളി തുടങ്ങാമെന്ന പ്രഖ്യാപനവുമായി ബ്ലെസ്ലിയും റിയാസ് സലിമും എത്തുന്നു.

നിലവിലെ സീസണിലെ മത്സരാർത്ഥികൾ തയ്യാറാണോ എന്ന അഖിൽ മാരാരുടെ ചോദ്യത്തിന്, അവർ തയ്യാറല്ലെങ്കിലും തങ്ങൾ തയ്യാറാണെന്ന മറുപടിയാണ് അനീഷ് നൽകുന്നത്. പിന്നാലെ ”ലെറ്റ്സ് ഗോ” എന്ന പ്രഖ്യാപനവുമായി നൂറയും ജാസ്മിനും എത്തുന്നതോടെ പഴയ താരങ്ങളുടെ യാത്ര ആരംഭിക്കുന്നു. പ്രമോയുടെ അവസാന ഭാഗത്താണ് അവതാരകൻ മോഹൻലാലിന്റെ മാസ് എൻട്രി. ”പഴയ പടയൊക്കെ തിരിച്ചു വരുന്നുണ്ടല്ലേ, വന്നോട്ടെ. എന്റെ പിള്ളേരെ വെല്ലുവിളിക്കാനാണെങ്കിൽ കയറി വരട്ടെ. ബിഗ് ബോസ് വീട്ടിൽ വന്ന് പണി വാങ്ങാതെ നോക്കണം. ആരാണ് യഥാർത്ഥ ലെജൻഡ് എന്ന് നമുക്ക് കാണാം” എന്ന മോഹൻലാലിന്റെ ഡയലോഗോടെയാണ് പ്രമോ അവസാനിക്കുന്നത്.
പഴയ താരങ്ങളും പുതിയ മത്സരാർത്ഥികളും തമ്മിലുള്ള ഏറ്റുമുട്ടൽ എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ബിഗ് ബോസ് ആരാധകർ. ലെഗസി വീക്കിൽ ആരായിരിക്കും യഥാർത്ഥ ലെജൻഡ് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.