വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം!

joy mathew fb post
joy mathew fb post

വാളയാര്‍ കുട്ടികളുടെ അമ്മയെ ധര്‍മടത്തു സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയാണ് സിനിമ താരം ജോയ് മാത്യു. ആ അമ്മയുടെ പോരാട്ടം കേരളത്തിന്റെ തന്നെ പോരാട്ടമായി മാറുമെന്നും ജോയ് മാത്യു പ്രതികരിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം,

“ധർമ്മാധർമ്മങ്ങളുടെ ധർമ്മടം. നിയമസഭാതെരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകര്ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ് . അത് കൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത് .ശിരോമുണ്ഡനങ്ങൾ പലതുണ്ട് .അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും .എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും .അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത് . വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ് .ഈ പോരാട്ടം ഏറ്റെടുക്കുബോൾ യു ഡി എഫിന്റെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത് . വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം . വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ ,അവ പൊരുതുവാൻ ഉള്ളത്കൂടിയാണ് . ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ;സംശയമില്ല”. എന്നുമാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു പിന്തുണയുമായി എത്തിയിരിക്കുന്നത്.