സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ് ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 11 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഫോർച്യൂൺ ഫോർ സിനിമാസുമായി സഹകരിച്ച് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം എത്തിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്.

ആഗോള ബോക്സ് ഓഫീസിൽ 240 കോടി രൂപ പിന്നിട്ട ചിത്രം മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. പ്രണയം, ഹാസ്യം, വൈകാരിക മുഹൂർത്തങ്ങൾ, മനോഹരമായ ഗാനങ്ങൾ എന്നിവ കോർത്തിണക്കിയ ഒരു ഫാമിലി എന്റർടെയ്‌നറായാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും വെങ്കി അറ്റ്ലൂരി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമ കൂടിയാണ്.