ബിജു മേനോൻ പിറന്നാൾ ദിനത്തിൽ ‘അവറാച്ചൻ ആൻഡ് സൺസി’ലെ ‘ക്വാർട്ടർ സോങ്’ പുറത്തിറങ്ങി

ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസി’ലെ രണ്ടാമത്തെ ഗാനം താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. ഫൺ മൂഡിൽ ബിജു മേനോനും സംഘവുമെത്തുന്ന ‘ക്വാർട്ടർ സോങ്’ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്. സനൽ ദേവ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ദിൻ നാഥ് പുത്തഞ്ചേരിയാണ്. സനൽ ദേവ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പിയാണ്. ചിത്രത്തിന്റെ ടീസറും സിദ് ശ്രീറാം ആലപിച്ച ആദ്യ ഗാനവും നേരത്തെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നർമത്തിന് ഏറെ പ്രാധാന്യമുള്ള ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറാണ് ‘അവറാച്ചൻ ആൻഡ് സൺസ്’.

ബിജു മേനോന് പുറമെ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.