
ബിഗ് ബോസ് സീസൺ 8ൽ ഒൻപതാം ആഴ്ചയിലെ പുതിയ ലീഡറായി വിക്കി തെരഞ്ഞെടുക്കപ്പെട്ടു. ഗൗതമും വിക്കിയും തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിനൊടുവിലാണ് വിക്കി വിജയകിരീടം സ്വന്തമാക്കിയത്. സഹമത്സരാർത്ഥികൾ നോമിനേറ്റ് ചെയ്ത ഇരുവരും ടാസ്കിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അവസാന നിമിഷം വരെ പിടിച്ചുനിന്ന വിക്കി വിജയം സ്വന്തമാക്കുകയായിരുന്നു. ഇത്തവണത്തെ ലീഡർ ടാസ്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഗാർഡൻ ഏരിയയിൽ തല അകത്തേക്ക് കടത്തിവെച്ച് ഇരിക്കാൻ കഴിയുന്ന രണ്ട് സുതാര്യമായ ബോക്സുകളാണ് ഒരുക്കിയിരുന്നത്. വിക്കിയെയും ഗൗതമിനെയും പിന്തുണയ്ക്കാൻ രണ്ട് മത്സരാർത്ഥികൾ വീതം തിരഞ്ഞെടുക്കപ്പെട്ടു. വിക്കിക്ക് വേണ്ടി ഷിജിനും ആസിഫും എത്തിയപ്പോൾ ഗൗതമിനെ പിന്തുണയ്ക്കാൻ താഷിയും വേദാങ്കിയും രംഗത്തെത്തി.
സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് കപ്പിൽ വെള്ളമെടുത്ത് സഹമത്സരാർത്ഥിയെ ചുമന്ന് ടയറിനുള്ളിലൂടെയും ടാങ്കിന് മുകളിലൂടെയും കടന്ന് എതിരാളിയുടെ ബോക്സിനുള്ളിലേക്ക് വെള്ളം ഒഴിക്കുകയായിരുന്നു ടാസ്ക്. ഓരോ റൗണ്ടിലും ഇത്തരത്തിൽ വെള്ളം നിറയുന്നതിനനുസരിച്ച് ബോക്സിനുള്ളിൽ ഇരിക്കുന്ന ലീഡർ മത്സരാർത്ഥിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ സാഹചര്യത്തിൽ കയർ വലിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കി ടാസ്ക് അവസാനിപ്പിക്കാം. എന്നാൽ ആദ്യം കയർ വലിച്ച് പിന്മാറുന്നയാൾ പരാജയപ്പെടും. അവസാനം വരെ പിടിച്ചുനിൽക്കുന്നയാളായിരിക്കും വിജയി. മത്സരത്തിൽ ഇരുവരും വിട്ടുകൊടുക്കാൻ തയ്യാറാകാതെ പോരാടിയെങ്കിലും വെള്ളം നിറഞ്ഞതോടെ ഗൗതമിന് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ ഗൗതം കയർ വലിച്ച് ടാസ്കിൽ നിന്ന് പിന്മാറി. ഇതോടെ വിക്കി വിജയിക്കുകയും ഒൻപതാം ആഴ്ചയിലെ പുതിയ ലീഡറായി മാറുകയും ചെയ്തു.
വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ വിക്കിയെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. ‘ഞാൻ സ്കൂളിൽ പോലും ഇതുവരെ ലീഡറായിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ലീഡർ സ്ഥാനത്തേക്ക് എത്തുന്നത്’ എന്നായിരുന്നു വിക്കിയുടെ പ്രതികരണം. സന്തോഷക്കണ്ണീരോടെ തന്റെ നേട്ടം ആഘോഷിച്ച വിക്കിയുടെ നിമിഷങ്ങൾ പ്രേക്ഷകർക്കിടയിലും ശ്രദ്ധനേടി. ഇതോടെ വിക്കിയുടെ നേതൃത്വത്തിലുള്ള അടുത്ത ആഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ. വീട്ടിലെ ഉത്തരവാദിത്വങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നും സഹമത്സരാർത്ഥികളോട് പക്ഷപാതമില്ലാതെ മികച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിയുമോയെന്നുമാണ് ഇനി അറിയേണ്ടത്. വിക്കിയുടെ ലീഡർഷിപ്പ് ബിഗ് ബോസ് വീട്ടിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കാത്തിരുന്ന് കാണാം.












