‘എന്റെ കല്യാണവും മോൻ ഉണ്ടായതുമൊക്കെയാണ് സന്തോഷങ്ങൾ’ ; എന്നാൽ എന്റെ ജീവിതത്തിൽ ദുഃഖങ്ങളുമുണ്ട്, വലിയ ഒരു ദുഃഖത്തെ കുറിച്ച്, ബീന ആന്റണി

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിമാരിൽ ഒരാളാണ് ബീന ആന്റണി. പലപ്പോഴായി താൻ കടന്നു വന്ന വഴികളെ കുറിച്ച് ബീന ആന്റണി സംസാരിച്ചിട്ടുമുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോൾ മനസ്സ് തകർന്ന ഒരു നിമിഷത്തെ കുറിച്ച് ബീന ആന്റണി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ജീവിതത്തിൽ ഒരുപാട് ഘട്ടങ്ങൾ കഴിഞ്ഞാണല്ലോ ഇവിടെ എത്തി നിൽക്കുന്നത്. അതിൽ സന്തോഷങ്ങളും ദുഖങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ടാകാം. സന്തോഷമായാലും ദുഖമായാലും അതിൽനിന്നുള്ള ഏതെങ്കിലും ഒരു സംഭവത്തെ കുറിച്ച് പറയാൻ അവതാരകനായ എം ജി ശ്രീകുമാർ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് ബീന ആന്റണി മനസ് തുറന്നത്. എന്റെ കല്യാണവും മോൻ ഉണ്ടായതുമൊക്കെയാണ് സന്തോഷങ്ങൾ. ഒരുപാട് പേർ എന്നെയൊരു നല്ല ആർട്ടിസ്റ്റായി കാണുന്നുണ്ട്. കേരളത്തിലെ ഏതൊരു വീട്ടിലേക്കും നമുക്ക് കയറി ചെല്ലാം. എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കും. ദുഖമാണെങ്കിൽ, ഈ അടുത്ത് ഒരുപാട് എന്നെ തളർത്തിയ ഒരു സംഭവം നടന്നു.

അപ്പച്ചനും അമ്മച്ചിയും നഷ്‌ടമായ ദുഃഖം ഏറ്റവും വലുതായിരുന്നു. എന്നാൽ അതിനേക്കാളും ദുഃഖം സമ്മാനിച്ച ഒരു വേർപാട് ഉണ്ടായി. എന്റെ ചേച്ചിയുടെ മകൻ മരിച്ചുപോയി. ലോക്ക്ഡൗൺ സമയത്ത് ഒരു ഒക്ടോബറിലാണ്. ഞങ്ങൾ മൂന്ന് പെൺകുട്ടികൾ കഴിഞ്ഞശേഷം ആദ്യമായി ജനിച്ച മോൻ ആണ് അത്. ചേച്ചിയുടെ രണ്ടു കുട്ടികളിൽ മൂത്ത ആളായിരുന്നു. 22 വയസ്സായിരുന്നു പ്രായം. ബി ടെക് ഒക്കെ കഴിഞ്ഞുനിൽക്കുകയിരുന്നു. അവൻ ഞങ്ങളെ വിട്ടുപോയി. വളരെ ആരോഗ്യത്തോടെ ഉണ്ടായിരുന്ന ആളാണ്. ഒരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. പെട്ടെന്നൊരു ദിവസം അവന്റെ ശരീരം മുഴുവൻ നീര് വന്നു. ചേച്ചി വിളിച്ച് ഇക്കാര്യം പറഞ്ഞു. വേഗം തന്നെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയി. ചെറിയ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ എന്നാണ് ഡോക്ടർ പറഞ്ഞത്. ഡോക്ടറെ കണ്ടശേഷം ഒരു രണ്ടോ മൂന്നോ ആഴ്ചകൂടിയെ അവൻ നമ്മളോട് ഒപ്പം ഉണ്ടായിരുന്നുള്ളൂ. കിഡ്‌നി തകരാറായിരുന്നു. അതിന് ചികിത്സിക്കാനുള്ള സമയം പോലും നമുക്ക് കിട്ടിയില്ല, അപ്പോഴേക്കും കോവിഡും ബാധിച്ചു, അവൻ പോയി. മക്കൾ നഷ്ടപെടുമ്പോഴുള്ള വേദന, അത് വലിയ നഷ്ടം തന്നെയാണ്. ലോക്ക്ഡൗൺ ഒക്കെ കാരണം ഒന്നും ചെയ്യാതെ ഇരിക്കുന്ന സമയമായിരുന്നു. മനസ്സ് ആകെ കൈവിട്ടു പോയ സമയമായിരുന്നു അത എന്നും’ ബീന ആന്റണി പറയുന്നു.

അതേസമയം സിനിമയിലൂടെയാണ് ബീന ആന്റണി തന്റെ  അഭിനയ ജീവിതം തുടങ്ങിയത്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ നടി ചെയ്തിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് മമ്മൂട്ടിയും മോഹൻലാലും നായകന്മാരായി എത്തിയ ചിത്രങ്ങളിൽ ബീന ആന്റണി ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1991ൽ പുറത്തിറങ്ങിയ യോദ്ധ എന്ന ഹിറ്റ് ചിത്രത്തിലെ മോഹൻലാലിൻറെ തളിപ്പറമ്പിൽ അശോകൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ്. ചിത്രത്തിൽ തളിപ്പറമ്പിൽ അശോകന്റെ സഹോദരിയായി വേഷമിട്ടത് ബീന ആന്റണി ആയിരുന്നു. എന്നാൽ മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ബീന ആന്റണി കൂടുതൽ ജനപ്രീതി നേടിയത്. സീരിയലുകളിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു ബീന ആന്റണി. ബീന ആന്റണിയെ പോലെ തന്നെ ഭർത്താവ് മനോജും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതനാണ്. സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. പലവിധ പ്രതിസന്ധികളും ജീവിതത്തില്‍ നേരിട്ടതിന് ശേഷമാണ് ബീന ആന്റണി ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നത്.