‘ഇന്റർനെറ്റിലുള്ള അന്നത്തെ ചിത്രങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്യാൻ ആ​ഗ്രഹം’; അവ തനിക്ക് കബറിൽ ബുദ്ധിമുട്ടാകുമെന്ന് മുംതാസ്

ഖുഷി എന്ന വിജയ് ചിത്രത്തിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ’ എന്ന ഒറ്റ പാട്ട് മതിയാതും മുംതാസിനെ ഓർക്കാൻ. തൊണ്ണൂറുകളിൽ തമിഴ് സിനിമയിൽ തരം​ഗം തീർത്ത താരമാണ് മുംതാസ്. താണ്ഡവം എന്ന സിനിമിലൂടെ മോഹൻലാലിനൊപ്പം മലയാളത്തിലേക്കും മുംതാസ് എത്തിയിരുന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മുംതാസ് ആത്മീയതയുടെ വഴിയിലേക്ക് തിരിഞ്ഞിുന്നു. അന്നത്തെ വേഷങ്ങൾ ചെയ്തതിൽ കുറ്റബോധമുണ്ടെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ മുംതാസ്.

അബായ ആണ് തനിക്കിപ്പോൾ ഇഷ്ടപ്പെട്ട ഏറ്റവും നല്ല വസ്ത്രം. ലോകത്തിലുള്ള മികച്ച ഡിസൈനർ വസ്ത്രങ്ങൾ വാങ്ങാനാകും. അതെല്ലാം ധരിച്ചിട്ടുണ്ട്. പക്ഷെ ഒരു അബായ ധരിക്കുമ്പോൾ തോന്നുന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു രാഞ്ജിയെ പോലെയാണ് അബായ ധരിക്കുമ്പോൾ തോന്നുന്നതെന്നും മുംതാസ് പറഞ്ഞു.

തനിക്കൊരുപാട് പണം ലഭിച്ചാൽ പണ്ട് ചെയ്ത സിനിമകളുടെ റൈറ്റ്‌സ് വാങ്ങി ഇന്റർനെറ്റിലുള്ള തന്റെ ഫോട്ടോകളും ദൃശ്യങ്ങളും നീക്കം ചെയ്യാൻ ആഗ്രഹമുണ്ടെന്നും മുംതാസ് പറഞ്ഞു. എന്നെ ആരും അത്തരത്തിൽ കാണരുത്. താൻ മരിച്ചാൽ ഇത്തരം മോശം ഫോട്ടോകൾ പ്രചരിപ്പിക്കരുത്. അത് തനിക്ക് കബറിൽ ബുദ്ധിമുട്ടാകും.

25-26 വയസിലാണ് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ എനിക്ക് വരുന്നത്. വളരെ വേദനയായിരുന്നു. അതൊരു ഡിസബിലിറ്റി പോലെയായി. അതുകൊണ്ട് എനിക്ക് വിവാഹം ചെയ്യാൻ പറ്റില്ല. എനിക്ക് വിവാഹം ചെയ്യണമെന്നുമില്ല. ആർക്കും ബാധ്യതയാകാൻ ആഗ്രഹിക്കുന്നില്ല. ചേട്ടന്റെ കുടുംബവും മക്കളുമാണ് തനിക്കെല്ലാമെന്നും മുംതാസ് കൂട്ടിച്ചേർത്തു.