‘സിനിമ ഹിറ്റായത് അറിയാതെ തെണ്ടി തിരിഞ്ഞു നടന്നു ഞാൻ ‘ ; വെളിപ്പെടുത്തലുമായി നടൻ ഷിജു

മലയാളികൾക്ക് പരിചിതനായ നടനാണ് ഷിജു. യഥാർത്ഥ പേര് ഷിജു അബ്ദുള്‍ റഷീദ് എന്നാണെങ്കിലും ദേവി ഷിജു എന്ന പേരിലാണ് നടൻ തെലുങ്കിൽ അറിയപ്പെടുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചിട്ടുള്ള താരം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. അടുത്തിടെ ഹിറ്റായ ടെലിവിഷന്‍ പരമ്പരകളിലും നടന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ തെലുങ്കിലെ തന്റെ ആദ്യത്തെ പടം സൂപ്പര്‍ഹിറ്റായിട്ടും താനത് അറിയാതെ പോയെന്ന് പറയുകയാണ് താരമിപ്പോള്‍. തെലുങ്ക് നാട്ടില്‍ വലിയ താരമായി അറിയപ്പെട്ടപ്പോള്‍ താന്‍ തമിഴ്‌നാട്ടിലൂടെ തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു എന്ന്  മലയാളത്തിലെ  ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് താരം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിലാണ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. പക്ഷേ ആദ്യ സിനിമ റിലീസ് ചെയ്യുന്നത് തൊണ്ണൂറ്റിയാറിലാണ്. അതേ സമയത്ത് തന്നെ തെലുങ്കിലും അഭിനയിച്ചിരുന്നു. അവിടുന്നിങ്ങോട്ട് പല സിനിമകളും പല ഭാഷകളിലായി ചെയ്ത് പോന്നു. തെലുങ്കില്‍ ദേവി ഷിജു എന്നാണ് ഞാന്‍ അറിയപ്പെടുന്നത്. അവിടുത്തെ എന്റെ ആദ്യ പടം വലിയ ഹിറ്റായിരുന്നു.

നാനൂറ്റി പതിനേഴ് ദിവസത്തോളം ആ പടം തിയേറ്ററില്‍ ഓടിയിരുന്നു. ആ സിനിമയുടെ പേര് ദേവി എന്നാണ്. അങ്ങനെ എന്റെ പേരിനൊപ്പവും മ്യൂസിക് ഡയറക്ടറായിരുന്നു ശിവപ്രസാദിന്റെ പേരിനൊപ്പവും ദേവി എന്ന് കൂടി ചേര്‍ക്കപ്പെടുകയായിരുന്നു എന്നും ഷിജു പറയുന്നു. അന്നത്തെ കാലത്ത് നമ്മളെ തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.സോഷ്യല്‍ മീഡിയ ഇല്ലാത്ത കാലമാണെന്ന് മാത്രമല്ല പത്രമാധ്യമങ്ങളും അത്രത്തോളം സജീവമായിരുന്നില്ല. പലരും സിനിമ കണ്ട് ഇഷ്ടപ്പെട്ടതാണ്. ദേവി എന്ന സിനിമ റിലീസ് ചെയ്ത് അത് തെലുങ്കില്‍ ഹിറ്റായ കാര്യം പോലും അറിയാതെയാണ് ഞാനന്ന് തമിഴ്‌നാട്ടിലൂടെ നടന്നിരുന്നത്. അന്ന് ഇക്കാര്യങ്ങളൊന്നും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അറിയാന്‍ പോലും മാര്‍ഗങ്ങളില്ലായിരുന്നു. അവിടെ എന്ത് നടക്കുന്നുവെന്ന് ഞാന്‍ അന്വേഷിക്കാനും പോയില്ലെന്നതാണ് സത്യം.

മൂന്ന് വര്‍ഷം കൊണ്ടാണ് ആ പടം അഭിനയിച്ചത്. ശേഷം അത് കണ്ടപ്പോള്‍ എനിക്ക് തന്നെ ഇഷ്ടപ്പെട്ടില്ല. കാരണം ദൈവീകവും കുറേ ഗ്രാഫിക്‌സുമൊക്കെ ചേര്‍ത്തൊരു പടമാണത്. ഇന്ന് ചിലപ്പോള്‍ അങ്ങനത്തെ പടങ്ങള്‍ക്ക് കൂറച്ച് കൂടി സ്വീകരണം കിട്ടിയേക്കും. മലയാളത്തില്‍ അന്നങ്ങനെ അല്ലെന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷേ അതെന്റെ തെറ്റിദ്ധാരണയായിരുന്നു. അങ്ങനെ ആളുകള്‍ ആ സിനിമ സ്വീകരിക്കില്ലെന്ന് കരുതി ഞാന്‍ മദ്രാസിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്നു. ആ സിനിമ ഹിറ്റായി നൂറ് ദിവസം കഴിഞ്ഞിട്ട് പോലും ഇക്കാര്യങ്ങളൊന്നും ഞാനറിഞ്ഞിരുന്നില്ല. പിന്നീട് ഒരു സംവിധായകന്‍ ഞാന്‍ തന്നെ അദ്ദേഹത്തിന്റെ നായകനായി വേണമെന്ന് പറഞ്ഞ് തപ്പി കണ്ട് പിടിച്ച് കൊണ്ട് ഹൈദരബാദിലേക്ക് പോയപ്പോഴാണ് സിനിമയുടെ വിജയത്തെ പറ്റി അറിയുന്നത്. അതിന് ശേഷം അവിടെ കുറച്ച് ഹിറ്റ് പടങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റി. സിനിമ ചോദിച്ച് പോയിട്ട് എനിക്ക് അവസരങ്ങള്‍ കിട്ടിയിട്ടില്ല. പക്ഷേ എനിക്ക് ഇങ്ങോട്ട് വന്ന അവസരങ്ങളാണ് ഞാന്‍ അഭിനയിച്ച 180 പടങ്ങള്‍. സിനിമ എന്ന് പറയുന്നത് ഞാന്‍ അതിലേക്ക് വന്നതിന് ശേഷം പഠിച്ചതാണ്. ഞാന്‍ ചെയ്യുന്ന ജോലിയില്‍ പൂര്‍ണ അറിവ് വേണമെന്ന് കരുതിയാണ് പഠിച്ചത്. എല്ലാ മേഖലയിലും പോയിരുന്ന് ഞാന്‍ ഓരോന്നും പഠിച്ചിരുന്നു. വാരിസു സിനിമയിലും ഞാന്‍ അഭിനയിച്ചിരുന്നു. ഖുശ്ബുവിന്റെ പെയര്‍ ആയിട്ടുള്ള കഥാപാത്രമാണ്. ചെറിയ റോളായിരുന്നു. പിന്നീട് ഖുശ്ബുവന്റെ കഥാപാത്രം തന്നെ ആ സിനിമയില്‍ ഒഴിവാക്കപ്പെട്ടിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാവാം. ഇതൊക്കെ സിനിമയില്‍ സ്ഥിരം സംഭവിക്കുന്ന കാര്യങ്ങളാണ്. അതില്‍ പരിഭവമൊന്നും ഇല്ലെന്നാണ് ഷിജു പറയുന്നത്.