ബിഗ് ബോസ് കാർ സമ്മാനം കിട്ടിയില്ല, ഉടൻ ലഭിക്കും

ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോൾ, വിജയിയായ നടി അനുമോൾ യൂട്യൂബ് ലൈവിലൂടെ ആരാധകരുമായി സംവദിച്ചു. തന്നോടുള്ള പ്രേക്ഷകരുടെ അളവറ്റ സ്നേഹം കണ്ട് അതിയായ സന്തോഷമുണ്ടെന്ന് സീരിയൽ, ടെലിവിഷൻ താരം പങ്കുവെച്ചു.

ബിഗ് ബോസിൽ നിന്ന് സമ്മാനമായി ലഭിക്കേണ്ട കാർ ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്ന് അനുമോൾ ആരാധകരെ അറിയിച്ചു. “കാറിന്റെ നിറം ഏത് വേണമെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ അത് അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ കാർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” താരം വ്യക്തമാക്കി.

ജീവിതത്തിൽ സന്തോഷവും സങ്കടവും ഉണ്ടാകും എന്നതിനെക്കുറിച്ചും താരം സംസാരിച്ചു. “മനുഷ്യരുടെ ജീവിതത്തിൽ എപ്പോഴും സന്തോഷം മാത്രമായിരിക്കില്ല. സങ്കടങ്ങളും ഉണ്ടാകും. എന്നാൽ, ഒരുപാട് സങ്കടങ്ങൾ തന്നതിന് ശേഷം പെട്ടെന്ന് ദൈവം നമുക്കൊരു സന്തോഷം തരും. എന്റെ ജീവിതത്തിൽ സംഭവിച്ചത് അതാണ്,” അനുമോൾ പറഞ്ഞു. ബിഗ് ബോസിലെ അവസാന ദിവസങ്ങളിൽ സങ്കടപ്പെട്ടിരുന്നപ്പോഴും, അത് ദൈവം എന്തോ നല്ലത് തരാൻ വേണ്ടിയാണെന്ന് തനിക്ക് അറിയാമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

തനിക്കൊപ്പം എപ്പോഴുമുള്ള പ്ലാച്ചി എന്ന പാവയെയും അനുമോൾ ലൈവിൽ കാണിച്ചു. കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പ്ലാച്ചിയെ ഇഷ്ടമാണെന്ന് താരം പറഞ്ഞു. “എന്നെക്കുറിച്ച് പലരും പലതും പറഞ്ഞു. ഞാൻ പ്ലാച്ചിയിൽ ചാത്തനെ വെച്ചിരിക്കുകയാണ് എന്ന് വരെ കമന്റുകൾ വന്നു. സത്യത്തിൽ, പ്ലാച്ചിയെ ബിഗ് ബോസിലേക്ക് കൊണ്ടുപോകാൻ ആദ്യം ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എങ്കിലും പ്ലാച്ചി എനിക്ക് പോസിറ്റീവ് എനർജി നൽകുന്നുണ്ട്. 30 വയസായ ഒരു പെൺകുട്ടി കുട്ടികളെപ്പോലെ പാവയെ വെച്ച് കളിക്കുകയാണ് എന്നൊക്കെ നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ, എനിക്കിത് എന്റെ വളർത്തു മൃഗത്തെ പോലെയാണ്. പ്ലാച്ചിയെ എത്രമാത്രം ഇഷ്ടമാണെന്ന് വിശദീകരിച്ച് ഞാൻ മറ്റൊരു വീഡിയോ ഉടൻ ചെയ്യാം,” അനുമോൾ കൂട്ടിച്ചേർത്തു