‘വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള ഒരാളെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാമായിരുന്നില്ലേ?’; വിമർശനങ്ങൾക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് ആരാധകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി നടി സിന്ധു കൃഷ്ണ. വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള ഒരാളെ കൊണ്ട് മക്കളെ വിവാഹം കഴിപ്പിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിനാണ് സിന്ധു കൃഷ്ണ തന്റെ യൂട്യൂബ് വ്‌ളോഗിലൂടെ പ്രതികരിച്ചത്. മകൾ ദിയ കൃഷ്ണ ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിവാദ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തതിനെച്ചൊല്ലി വിമർശനങ്ങൾ തുടരുന്നതിനിടെയാണ് സിന്ധുവിന്റെ പ്രതികരണം. നാല് മക്കളിൽ ഒരാൾക്കെങ്കിലും ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ള ഒരാളെ വരനായി കണ്ടെത്താൻ ആഗ്രഹമില്ലേയെന്നായിരുന്നു ആരാധകന്റെ ചോദ്യം. അൽപ്പം കുസൃതിയോടെയുള്ള ചോദ്യമാണിതെന്ന ആമുഖത്തോടെയാണ് സിന്ധു മറുപടി പറഞ്ഞത്. നിലവിൽ രണ്ട് മക്കളായ അഹാനയും ദിയയുമാണ് വിവാഹിതരായിരിക്കുന്നത്.

അഹാനയുടെ ഭർത്താവ് നിമിഷ് രവിക്കും അഹാനയ്ക്കും ഒരേ വിദ്യാഭ്യാസ യോഗ്യതയാണുള്ളതെന്ന് സിന്ധു വ്യക്തമാക്കി. ഇരുവരും ബിരുദതലത്തിൽ വിഷ്വൽ കമ്യൂണിക്കേഷനാണ് പഠിച്ചത്. തുടർന്ന് അഹമ്മദാബാദിലെ മൈക്ക യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഡ്വർടൈസിങ് ആൻഡ് മാർക്കറ്റിങ്ങിൽ മാസ്റ്റേഴ്‌സും പൂർത്തിയാക്കി. അന്ന് കുടുംബം വ്‌ളോഗുകൾ ചെയ്തിരുന്നില്ലെന്നും അതിനാലാകാം പലർക്കും ഇക്കാര്യം അറിയാത്തതെന്നും സിന്ധു പറഞ്ഞു. നിമിഷിന് ഒരു സിനിമയുടെ ചിത്രീകരണം ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങിയത് അഹാനയായിരുന്നുവെന്നും അവർ ഓർത്തെടുത്തു.

ദിയയുടെ ഭർത്താവ് അശ്വിനെക്കുറിച്ചും സിന്ധു സംസാരിച്ചു. അശ്വിൻ എൻജിനീയറായിരുന്നുവെന്നാണ് താൻ കരുതുന്നതെന്നും പഠിക്കാതെ എൻജിനീയറാകാൻ കഴിയില്ലല്ലോയെന്നും അവർ പറഞ്ഞു. സോഫ്റ്റ്‌വെയർ ഡെവലപ്പറായിരുന്ന അശ്വിൻ ഇപ്പോൾ ദിയയുടെ സംരംഭമായ ‘ഓ ബൈ ഓസി’യുടെ സിഇഒയാണ്. മക്കളുടെ പങ്കാളികളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിലുള്ള യോഗ്യതകളിൽ തനിക്ക് സംതൃപ്തിയുണ്ടെന്നും സിന്ധു വ്യക്തമാക്കി. വിദ്യാഭ്യാസമുള്ള മരുമക്കളെ വേണമെന്ന ആഗ്രഹം നിറവേറ്റപ്പെട്ടിട്ടുണ്ടെന്ന നിലപാടാണ് അവർ വ്‌ളോഗിലൂടെ പങ്കുവച്ചത്. ദക്ഷിണേന്ത്യയിൽ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് നിമിഷ് രവി. അഹാനയും നിമിഷും ഒരേ മേഖലയിൽ വിദ്യാഭ്യാസം നേടിയവരാണ് എന്ന കാര്യവും സിന്ധു തന്റെ മറുപടിയിൽ എടുത്തുപറഞ്ഞു. മക്കളുടെ വിവാഹവും പങ്കാളികളുടെ വിദ്യാഭ്യാസവും ജോലിയും സംബന്ധിച്ച ചർച്ചകൾക്കിടയിൽ സിന്ധുവിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.