
ബിഗ് ബോസ് മലയാളം സീസൺ 7 ലെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്ന അഭിഭാഷകനും ഫുഡ് വ്ളോഗറുമായ ഒനീൽ സാബുവിന്റെ പുതിയ ടാറ്റൂ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബിഗ് ബോസ് ഹൗസിലെ തന്റെ അനുഭവങ്ങൾ എന്നും ഓർത്തിരിക്കാൻ വേണ്ടി, ഷോയുടെ ലോഗോയാണ് ഒനീൽ തന്റെ കൈയ്യിൽ ടാറ്റൂവായി പതിച്ചത്. 62-ാം ദിവസമാണ് ഒനീൽ ഷോയിൽ നിന്ന് പുറത്തായത്.
ബിഗ് ബോസ് ഷോയോടുള്ള തന്റെ ആഴത്തിലുള്ള അടുപ്പമാണ് ഈ ടാറ്റൂ സൂചിപ്പിക്കുന്നതെന്ന് ഒനീൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. “എല്ലാ ടാറ്റൂവിനും അതിന്റേതായ ഒരു അർത്ഥമുണ്ട്. ബിഗ് ബോസിലെ എന്റെ വ്യക്തിപരമായ യാത്ര, അവിടെ നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ, ആളുകളിൽ നിന്ന് എനിക്ക് ലഭിച്ച വലിയ സ്നേഹം തുടങ്ങിയ കാര്യങ്ങളൊക്കെ ഓർമ്മപ്പെടുത്തുന്ന ഒന്നാണ് ഈ ടാറ്റൂ,” അദ്ദേഹം പറഞ്ഞു. ഈ യാത്രയിൽ ഇത്രയും ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒനീൽ കൂട്ടിച്ചേർത്തു.
നിയമപഠനം പൂർത്തിയാക്കിയ ഒനീൽ, ഒരു ഫുഡ് വ്ളോഗർ എന്ന നിലയിലും പ്രശസ്തനാണ്. ഫോർട്ട് കൊച്ചിയെ നെഞ്ചോട് ചേർത്തു ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ‘എഫ്സി ബോയ്’ (FC Boy) എന്ന ഇൻസ്റ്റഗ്രാം ഐഡി പോലും ഫോർട്ട് കൊച്ചിയോടുള്ള സ്നേഹം വിളിച്ചോതുന്നു. യുഎഇയിലെ ഫുജൈറയിലായിരുന്നു ബാല്യകാലം. പത്താം ക്ലാസിന് ശേഷമാണ് മാതാപിതാക്കളുടെ നാടായ ഫോർട്ട് കൊച്ചിയിലേക്ക് ഒനീൽ എത്തുന്നത്.











