Connect with us

Hi, what are you looking for?

Film News

വിജയിയുടെ മകനായ് കഥയൊരുക്കി അല്‍ഫോണ്‍സ് പുത്രന്‍: മകന്റെ സമ്മതത്തിനായ് കാത്ത് വിജയ്

ദളപതി വിജയ്യുടെ മകന്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേയ്ക്ക് എത്തുന്നു. വിജയുടെ മകന്‍ സഞ്ജയ്ക്കു വേണ്ടി സിനിമ ചെയ്യാനൊരുങ്ങുന്നത് മലയാളത്തിലെ യുവ സംവിധായകരില്‍ ഒരാളായ അല്‍ഫോണ്‍സ് പുത്രനാണ്. വിജയ് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

സണ്‍ ടിവിയില്‍ സംവിധായകന്‍ നെല്‍സനുമായുള്ള അഭിമുഖത്തിലാണ് വിജയ് മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് മനസ്സ് തുറന്നത്. അച്ഛനെപ്പോലെ എപ്പോഴാണ് മകനും സിനിമയിലെത്തുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിജയ്.

‘അവന്റെ മനസില്‍ അഭിനയിക്കാനാണോ അതോ ക്യാമറയ്ക്കു പുറകില്‍ നില്‍ക്കാനാണോ ഇഷ്ടമെന്നത് സത്യമായും എനിക്കറിയില്ല. രണ്ട് വര്‍ഷത്തേക്ക് എന്നെ സ്വതന്ത്രമായി വിടണമെന്നാണ് സഞ്ജയ് പറഞ്ഞിരുന്നത്. ‘പ്രേമം’ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരു കഥ എന്നോട് പറഞ്ഞിരുന്നു. ആ കഥ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ഈ കഥയില്‍ അഭിനയിക്കാന്‍ അവന്‍ സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയി.’ വിജയ് പറഞ്ഞു.

വിജയുടെ മകന്‍ സഞ്ജയുടെ യഥാര്‍ത്ഥ പേര് ജേസണ്‍ എന്നാണ്. പ്രിയപ്പെട്ടവരെല്ലാം വിജയുടെ മകനെ സഞ്ജയ് എന്നാണ് വിളിക്കുന്നത്. മകനെക്കുറിച്ച് വിജയ് നടത്തിയ പ്രതികരണം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തമിഴകത്ത് വിജയുടെ മകനായി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചതായാണ് വിലയിരുത്തല്‍.

എന്നാല്‍ മകന്റെ കാര്യത്തില്‍ കരുതലോടെയാണ് വിജയുടെ സമീപനം. മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് മനസ്സില്‍ ആഗ്രഹങ്ങള്‍ ഉള്ളപ്പോഴും മകനെ അവന്റെ ആഗ്രഹങ്ങള്‍ക്ക് വിടാനും ഒരു അച്ഛനെന്ന നിലയില്‍ വിജയ് ശ്രമിക്കുന്നുണ്ടെന്നാണ് കോളിവുഡിലെ സംസാരം.

അതേസമയം, വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിന്റെ റിലീസ് നീണ്ടുപോകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. തെന്നിന്ത്യന്‍ ബ്രഹ്‌മാണ്ഡ ചിത്രം കെ.ജി.എഫിനൊപ്പം ബീസ്റ്റ് റിലീസ് പ്രഖ്യാപിച്ചത് ആത്മഹത്യാപരമായോ എന്നതാണ് അണിയറ പ്രവര്‍ത്തകരെ അലട്ടുന്ന വിഷയം. എന്നാല്‍ സ്വന്തം സിനിമയില്‍ വിജയ് കാണിക്കുന്ന ആത്മവിശ്വാസം ആരാധകര്‍ക്ക് വലിയ പ്രതീക്ഷയും നല്‍കുന്നുണ്ട്.

റിലീസിന് മുമ്പേ ചിത്രം ചില വിവാദങ്ങള്‍ക്കും വഴിവെച്ചുകഴിഞ്ഞു. ചില അറേബ്യന്‍ രാജ്യങ്ങളില്‍ ബീസ്റ്റിന്റെ റിലീസ് തടഞ്ഞതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചിത്രം മുസ്ലിം സമുദായത്തെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. തമിഴ്‌നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു.

വിഷയത്തില്‍ വിജയ് പരസ്യ പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാര്‍ട്ടിക്കാരെയും സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കരുതെന്ന നിര്‍ദ്ദേശം വിജയ് തന്റെ ഫാന്‍സ് അസോസിയേഷന് നല്‍കിയതായ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

You May Also Like