Connect with us

Hi, what are you looking for?

Film News

സിനിമകളിലെ ബ്രാഹ്‌മണിക്കല്‍ ഹെജിമണി പോലെ എളുപ്പമല്ല പൂണൂലിട്ട വീടുകളിലെ ദൈന്യതയ്ക്ക് സാന്ത്വനം പകരല്‍!!

ആലപ്പുഴ കായംകുളത്ത് പതിനേഴുകാരി വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കിയ വാര്‍ത്ത കേരളത്തെ ഞെട്ടലോടെയാണ് കേട്ടത്. ഏറെ പ്രതിസന്ധികളുണ്ടായിട്ടും അതിനെയെല്ലാം ധീരതയോടെയാണ് വിഷ്ണുപ്രിയ അതിജീവിച്ചത്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും കൈത്താങ്ങായി സഹോദരനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കാനിറങ്ങിയ വിഷ്ണുപ്രിയയുടെ വീഡിയോ വൈറലായിരുന്നു.

പാതിവഴിയില്‍ സ്വപ്‌നങ്ങളെ വിട്ട് വിഷ്ണുപ്രിയ അകാലത്തില്‍ യാത്രയായതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകയായ അഞ്ജു പാര്‍വതി പ്രബിഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

വളരെ നോവോടെ വായിച്ചറിഞ്ഞതാണ് വിഷ്ണു പ്രിയ എന്ന മോളുടെ വിയോഗ വാര്‍ത്ത. ഈ കുഞ്ഞു പ്രായത്തില്‍ ക്ഷേത്രക്കുളത്തില്‍ ചാടി ഈ ഭൂമിയില്‍ നിന്നും മടങ്ങി പോകുവാന്‍ അവള്‍ തീരുമാനിച്ചത് എന്തിനെന്ന് അറിയില്ല. ജീവിതത്തിലെ അഗ്‌നിപരീക്ഷകളെ അവളും അനിയനും ധീരമായി നേരിടുന്നതായി അന്ന് അവരെ കുറിച്ച് വന്ന വീഡിയോയില്‍ ( Sanis Media sNbvXXv ) കണ്ടിരുന്നു. ഒരിക്കല്‍ വൈറല്‍ ആയതാണ് ഈ മോളുടെയും കുടുംബത്തിന്റെയും നിസ്സഹായ അവസ്ഥ. ഭിന്നശേഷിക്കാരനായ അച്ഛനും രോഗിണിയായ അമ്മയും അടങ്ങുന്ന കൊച്ചു കുടുംബം തങ്ങളുടെ വാടക വീട്ടിനുള്ളിലെ ഇല്ലായ്മയെ ഒരു പരിധി വരെയെങ്കിലും ചെറുത്തു നിന്നത് ഉണ്ണിയപ്പം ഉണ്ടാക്കിയും അത് ഈ കുഞ്ഞുങ്ങള്‍ വിറ്റും ഒക്കെ ആയിരുന്നു.

ക്ഷേത്രങ്ങളില്‍ നടത്തിയിരുന്ന വായന കൊണ്ട് മാത്രം കൂട്ടാന്‍ കഴിയുന്നതായിരുന്നില്ല ഭിന്നശേഷിക്കാരനായ ചെട്ടികുളങ്ങര മേനാമ്പള്ളി വിജയന്റെ പരാധീനതകള്‍. പൂണൂല്‍ധാരിയായ അദ്ദേഹത്തിന് ഈ സമൂഹം വെറുതെ ചാര്‍ത്തി കൊടുത്ത പ്രിവിലേജ് അഥവാ സവര്‍ണ്ണ ബ്രാഹ്‌മണിക്കല്‍ ഹെജിമണി കൊണ്ട് നാല് വയറുകളെ പോറ്റാന്‍ കഴിഞ്ഞിരുന്നില്ല. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എടുത്ത് കൊണ്ടുവന്നു ഹരിഹരന്റെയും പത്മരാജന്റെയും പ്രിയന്റെയും ഒക്കെ സിനിമകളില്‍ പരതുന്ന ബ്രാഹ്‌മണിക്കല്‍ ഹെജിമണി പോലെ എളുപ്പം അല്ല പൂണൂലിട്ട വീടുകളിലെ ദൈന്യതയ്ക്ക് അല്പം സാന്ത്വനം പകരല്‍! നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്‌മണ ആധിപത്യത്തിന്റെയും സവര്‍ണ്ണതയുടെയും കണക്ക് പുസ്തകം എടുത്ത് കൊണ്ട് വന്ന് ഓഡിറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും നമ്മുടെ തൊട്ടപ്പുറത്തു ഉണ്ടാവും ഇല്ലായ്മയുടെ വറുതിയില്‍ എരിയുന്ന വിജയനെ പോലെ പൂണൂല്‍ ഇട്ട അച്ഛന്മാര്‍ . അവര്‍ക്ക് പറയാന്‍ ഒരുപാട് ഉണ്ടാവും. പക്ഷേ കേള്‍ക്കാന്‍ നമുക്ക് കാതുകളോ സമയമോ ഉണ്ടാവില്ല. കാരണം നമ്മള്‍ ധരിച്ചു വച്ചിരിക്കുന്ന സവര്‍ണ്ണതയ്ക്കും ബ്രാഹ്‌മണജീവിതങ്ങള്‍ക്കും ഉള്ളതത്രയും സുഭിക്ഷതയുടെ ആട അലങ്കാരങ്ങള്‍ ആണല്ലോ.

ദളിത് കോളനികളിലും പാലത്തിന്റെ അടിയിലും മാത്രമല്ല ദാരിദ്ര്യവും ഇല്ലായ്മകളും ഉള്ളത്. ആഗ്രഹാരത്തെരുവുകളില്‍ പലപ്പോഴും പട്ടിണിയും പരിവട്ടവുമായി ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന എത്രയോ മനുഷ്യരുണ്ട്. ഗതകാലപ്രതാപം ഒന്ന് കൊണ്ട് മാത്രം അടുപ്പുകളില്‍ തീ പുകയില്ലല്ലോപഴയിടം തിരുമേനിയുടെ സാമ്പാറിലും പോറ്റി ഹോട്ടലുകളിലെ ദോശയിലും സവര്‍ണ്ണത തിരഞ്ഞവര്‍ക്ക് ഈ കൊച്ചുകുഞ്ഞുങ്ങള്‍ വിറ്റ ഉണ്ണിയപ്പത്തില്‍ ഒന്നും തിരയുവാന്‍ തോന്നിയില്ല. അങ്ങനെ തിരഞ്ഞാല്‍ ഇവിടെ പാടി പതം വന്നിരിക്കുന്ന ഹെജിമണി കൊണ്ട് ഇരവാദം ചമയ്ക്കാന്‍ കഴിയില്ലല്ലോ.

വിഷ്ണുപ്രിയ മോള്‍ എന്ത് കൊണ്ട് ഈ വഴി തിരഞ്ഞെടുത്തുവെന്നു ഇപ്പോഴും കൃത്യമായി അറിയില്ല. വീട്ടിലെ ഇല്ലായ്മ കൊണ്ട് ഇവിടെ നിന്നും മടങ്ങാന്‍ അവള്‍ തീരുമാനിച്ചുവെങ്കില്‍ കോടികള്‍ മുടക്കി കരകമ്മിറ്റികള്‍ ഉത്സവം നടത്തുന്ന ഒരു ദേശത്തിന്റെ പിടിപ്പുക്കേട് അതില്‍ ഉണ്ടെന്ന് പറയേണ്ടി വരും. ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും അധികം വരുമാനം ഉള്ള രണ്ടാമത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാട്ടില്‍ ഒരു പെണ്‍കുട്ടിക്ക് ഇല്ലായ്മ മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നുവെന്ന് തെളിഞ്ഞാല്‍ അതിനേക്കാള്‍ അപമാനം മറ്റെന്താണ്????

എല്ലാവരോടും ഒന്ന് മാത്രം പറയുന്നു -നമ്മില്‍ നന്മയുടെ ഉറവ ബാക്കിയുണ്ടെങ്കില്‍ നമ്മുടെ തൊട്ടടുത്ത വീടുകളില്‍ എങ്കിലും കരുണയുടെ ഒരിറ്റ് വെളിച്ചം പ്രകാശിപ്പിക്കാന്‍ നമുക്ക് കഴിയണം. ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി, അതിന് കഴിയുന്നവര്‍ക്ക് മുന്നില്‍ അവരെ ചൂണ്ടികാണിക്കുവാന്‍ എങ്കിലും നമുക്ക് കഴിയണം എന്നു പറഞ്ഞാണ് അഞ്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

You May Also Like