Connect with us

Hi, what are you looking for?

Film News

കേരളീയം സമൂഹത്തോട് വിളിച്ചു പറയുന്നത് ഒന്നേയുള്ളൂ!! വേദിയും നിലവിളക്കും പദവിയും കിട്ടുമെന്ന് ദിവാസ്വപ്നം കാണണ്ടാ ഒരു ദളിതനും

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം വാരാഘോഷത്തിന് കേരളപ്പിറവി ദിനത്തില്‍ തുടക്കമായിരിക്കുകയാണ്. മലയാളികളുടെ മഹോത്സവം എന്ന സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന പരിപാടിയാണ് കേരളീയം 2023. കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായി ഒരാഴ്ചക്കാലം തലസ്ഥാനത്ത് ഉത്സവമാണ്. കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളികള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ ഇനി എല്ലാ വര്‍ഷവും കേരളീയം പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രൗഢഗംഭീരമായ ചടങ്ങളില്‍ താരലോകത്തുനിന്നും പ്രമുഖരെല്ലാം പങ്കെടുത്തു. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.

ഇപ്പോഴിതാ കേരളീയം ചടങ്ങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക അഞ്ജു പ്രബീഷ്. വേദിയില്‍ സര്‍ണാധിപത്യത്തിനെതിരെയും ദളിത് പ്രാതിനിധ്യമില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് അഞ്ജുവിന്റെ വിമര്‍ശനം.

കേരളീയം 2023 ന്റെ ഉദ്ഘാടന വേദി, സിനിമ മേഖലയിലെ ചുവന്നു തുടുത്ത താരകങ്ങള്‍ ചിരിച്ചു നില്‍പ്പുണ്ട് അയ്യങ്കാര്‍ കമല്‍ഹാസനും സവര്‍ണ്ണനായ ലാലേട്ടനും ശോഭന ചേച്ചിയും ഒക്കെയുണ്ട്. ഇവിടെ ജാതി എടുത്ത് പറയുക തന്നെ വേണം. കാരണം പഴയിടം നമ്പൂതിരിയുടെ സാമ്പാറില്‍ മാത്രം സവര്‍ണ്ണത കണ്ടാല്‍ പോരല്ലോ ??
എന്തിനാണ് ഇത്രയധികം താരങ്ങള്‍? വേണമല്ലോ, കാരണം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം എന്ന് പറയുമ്പോള്‍ സിനിമ ആണല്ലോ നമ്പര്‍ 1????പക്ഷേ ആ പൈതൃകത്തില്‍ നിലവിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന മധു സാര്‍ എവിടെ???
പിന്നെ സാഹിത്യത്തിലെ മഹാരഥന്മാരൊന്നും ഇല്ല, പകരം ഭാഷാ പണ്ഡിതനായ മന്ത്രി അപ്പൂപ്പന്‍ ഉണ്ട് അത് കൊണ്ട് നോ ഇഷ്യു
അപ്പോള്‍ ന്യായമായ സംശയം നാഴികയ്ക്ക് നാല്പത് വട്ടം ദളിത് പ്രേമം പറയുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം കോടികള്‍ ചിലവിട്ട് നടത്തുന്ന ഈ മഹാവേദികയില്‍ എത്ര ദളിത് ഐക്കണ്‍സ് ഉണ്ടെന്നാണ്! ആരുമില്ല.
അപ്പോള്‍ പാന്‍ ഇന്ത്യന്‍ നടന്‍ വിനായകന്‍??അയാളുടെ കലാപരിപാടി?? അത് പോട്ടെ
ഇന്ത്യന്‍ ഫുട്ബോള്‍ എന്ന് പറഞ്ഞാല്‍ ഏതൊരാളുടെയും നാവില്‍ ആദ്യം എത്തുന്ന ഒരു പേരുണ്ട് ശ്രീ.ഐ എം വിജയന്‍ എവിടെ??? ശ്രീമതി.പി ടി ഉഷയെ പറയാത്തത് അവരുടെ രാഷ്ട്രീയം വച്ച് ഇത്തരം ഒരു വേദിയില്‍ അവരെ ക്ഷണിക്കില്ലല്ലോ. പക്ഷേ ഐ എം വിജയന്‍ എന്ന കറുത്ത മുത്ത് എവിടെ???
എത്രയോ അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലുകളില്‍ മലയാളത്തിന്റെ പേരും പെരുമയും വിളിച്ചോതാന്‍ ഹേതുവായ ഡോ. ബിജു എന്ന സംവിധായകന്‍ എവിടെ?? ഇല്ല!

എവിടെ ദേശീയ അവാര്‍ഡ് ജേതാവ് നാഞ്ചിയമ്മ?? കാടിന്റെ മക്കളോടുള്ള സ്‌നേഹം ആവിയായി പോയോ??
കേരളത്തിലെ ഒരു സാമ്പത്തികശാസ്ത്ര പണ്ഡിതനും ഇടത് ദലിത് ചിന്തകനുമായ ഡോ കുഞ്ഞാമന്‍ ഉണ്ടോ ആ വേദിയില്‍??ഇല്ല അതെന്താ, എത്രയോ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങള്‍ എഴുതിയ, എതിര് എന്ന കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ ആത്മകഥ എഴുതിയ അദ്ദേഹം ആ വേദിയില്‍ നിന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?ഇല്ല

മന്ത്രി ആയത് കൊണ്ട് മാത്രം വേദിയുടെ ഒരു മൂലയില്‍ സ്ഥാനം കിട്ടിയ ബഹുമാന്യനായ സഖാവ് രാധാകൃഷ്ണനെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അന്ന് ക്ഷേത്ര നമ്പൂതിരി സവര്‍ണ്ണ നിലവിളക്ക് കൊണ്ട് കുത്തിയ മുറിവിനെ compensate ചെയ്യാന്‍ അദ്ദേഹത്തെ കൊണ്ട് വിളക്ക് കത്തിച്ചു ഉദ്ഘാടനം ചെയ്യിക്കുമെന്ന് എവിടെ ????

തുല്യതയ്ക്കും സ്ത്രീശക്തിക്കും വേണ്ടി മതില്‍ കെട്ടിയ കേരളത്തിലെ ഈ കേരളീയ മാമാങ്കത്തിന് നിരന്നു നില്‍ക്കുന്ന സ്ത്രീ രത്‌നങ്ങളെ കണ്ടപ്പോള്‍ പകച്ചു, തെറിച്ചു പോയി എന്റെ ബാല്യവും കൗമാരവും യൗവനവും വാര്‍ദ്ധക്യവും!

ചുരുക്കത്തില്‍ ഈ കേരളീയം പൊതു സമൂഹത്തോട് വിളിച്ചു പറയുന്നത് ഒന്നേയുള്ളൂ – ഇരവാദത്തിനും കുത്തിത്തിരിപ്പിനും വേണ്ടി വിളിച്ചുപ്പറയുന്ന ദളിത് സ്‌നേഹം കണ്ട് വേദിയും നിലവിളക്കും പദവിയും കിട്ടുമെന്ന് ദിവാസ്വപ്നം കാണണ്ടാ ഒരു ദളിതനും!
കമ്മ്യൂണിസ്റ്റ് കേരളത്തില്‍, കമ്മി മാടമ്പികളുടെ മനസ്സില്‍ എന്നും നിങ്ങള്‍ക്ക് സ്ഥാനം വേലിക്ക് അപ്പുറമാണ് പോളിറ്റ് ബ്യുറോയിലേതു പോലെ!

You May Also Like