Connect with us

Hi, what are you looking for?

Film News

മമ്മൂട്ടിക്കൊപ്പം സി.ബി.ഐ-6 ഉണ്ടാകുമോ? മറുപടിയുമായി എസ്.എന്‍ സ്വാമി

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന സിബിഐ സീരിസിലെ അഞ്ചാം ഭാഗം സി.ബി.ഐ 5 ദി ബ്രെയ്ന്‍ തിയേറ്ററുകളിലേയ്ക്ക് എത്താനൊരുങ്ങുകയാണ്. നിരവധി സവിശേഷതുകളുമായി എത്തുന്ന ചിത്രം ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. മലയാള സിനിമാ ചരിത്രത്തില്‍ ഒരു സിനിമയ്ക്ക് ഇത്രയേറെ ഭാഗങ്ങള്‍ ഒരുങ്ങുകയെന്നതും ശ്രദ്ധേയമാണ്.

സിനിമാ നിര്‍മ്മാണത്തിലെ സാഹചര്യങ്ങളില്‍ കാലാകാലങ്ങളായി വന്നിരിക്കുന്ന മാറ്റങ്ങള്‍ പരിശോധിക്കുമ്പോള്‍ സിബിഐ സീരീസിന് ആറാം ഭാഗം ഒരുക്കുക എന്നത് വളരെ എളുപ്പമാകും എന്ന ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളിലടക്കം മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ എസ്.എന്‍ സ്വാമി

‘സിബിഐ അഞ്ചാം ഭാഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം തന്നെയാണ് എന്റെയും അഭിപ്രായം. എന്റെ അഭിപ്രായം നല്ലതായത് കൊണ്ടാണല്ലോ സിനിമ ഉണ്ടായതെന്ന് എസ് എന്‍ സ്വാമി പറയുന്നു. എല്ലാവര്‍ക്കും ധൈര്യമായിട്ട് കാണാവുന്ന സിനിമയാണ് സിബിഐ 5 ദി ബ്രെയിന്‍. ഞാന്‍ ഇതിനകത്ത് കൂടുതലായി ഒന്നും അവകാശപ്പെടുന്നില്ല. നിങ്ങളെല്ലാവരും വന്ന് കണ്ടിട്ട് തീരുമാനിക്കുക. അല്ലാതെ അഭിപ്രായം പറയാനില്ല. നിങ്ങള്‍ക്ക് നേരിട്ട് കാണാനുള്ള അവസരമുണ്ടല്ലോ,”. ആറാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ”അത് ഇത് കഴിഞ്ഞിട്ട് തീരുമാനിക്കാം,” എന്നായിരുന്നു ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ ചിത്രത്തിന് എന്തുകൊണ്ടാകാം സിബിഐ 5 ദി ബ്രെയ്ന്‍ എന്ന് പേര് നല്‍കിയത് എന്ന ചര്‍ച്ചകളും ആരംഭിച്ചിരുന്നു. ചിത്രങ്ങളുടെ ഹൈലൈറ്റ് സേതുരാമയ്യരുടെ ബുദ്ധി ആയതുകൊണ്ടുതന്നെയാണ് ഇത്തരത്തില്‍ ഒരു പേരിടാന്‍ കാരണമെന്നും ഇതിലും നല്ലൊരു പേര് ചിത്രത്തിന് യോജിക്കില്ലെന്നുമുള്ള നിഗമനത്തില്‍ ഏവരും എത്തുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന് ഈ പേര് നല്‍കുന്നതിന് മമ്മൂട്ടിക്കും ദുല്‍ഖറിനും താല്‍പര്യമില്ലായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സ്വര്‍ഗചിത്ര അപ്പച്ചന്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അപ്പച്ചന്റെ വാക്കുകളിലേയ്ക്ക്:

‘സിബിഐ 5 എന്ന പേര് എസ്എന്‍ സ്വാമി കഥ എഴുതുമ്പോള്‍ തന്നെ ഉണ്ടായിരുന്നു. ആ പേര് സംവിധായകന്‍ മധു സാറിനും എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. മമ്മൂക്കയും ദുല്‍ഖറും പറഞ്ഞ് കൊണ്ടിരുന്നത് ഈ ചിത്രത്തിന് സിബിഐ 5 എന്ന ടൈറ്റില്‍ മാത്രം മതി എന്നായിരുന്നു. എനിക്കും സിബിഐ 5 ന്റെ കൂടി എന്തെങ്കിലും വേണമെന്ന് തന്നെയായിരുന്നു. എന്നാലല്ലേ ഒരു ഐഡന്റിറ്റി കിട്ടുള്ളു. സേതുരാമയ്യറുടെ ഒരു ആയുധം അദ്ദേഹത്തിന്റെ ബ്രെയ്‌നാണ്. ആ കഥാപാത്രത്തിന് അടിയും ഇടിയും, തോക്കും, ഒരു പേന കത്തി പോലും ആയുധമായി ഇല്ലല്ലോ. അങ്ങനെ ദി ബ്രെയ്ന്‍ എന്ന പേരും കൂടി വെക്കണം എന്ന് ഞാന്‍ പറഞ്ഞു. ആ ആലോചന നീണ്ട് പോയി. ഈ പേര് മധു സാറിനും, സ്വാമിക്കും, മമ്മൂക്കയ്ക്കും ഇഷ്ടപ്പെടണമല്ലോ. മമ്മൂക്കയാണ് മെയ്ന്‍.’

‘അപ്പച്ചന് ഫസ്റ്റ് ഡേ നല്ല ആളുകള്‍ വരുകയും, ലാഭം കിട്ടുകയും അല്ലെ വേണ്ടത്, അതിന് സി.ബി.ഐ 5 എന്ന പേര് മതി എന്നായിരുന്നു മമ്മൂക്ക എന്നോട് പറഞ്ഞത്. അത് ശരിയാണ്, പക്ഷേ എന്റെ ഒരു ആഗ്രഹമാണ് എന്ന് ഞാന്‍ പറഞ്ഞു. അവസാനം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം സിബിഐ 5 ദി ബ്രെയ്ന്‍ എന്ന പേര് എഴുതി കാണിക്കാന്‍ എന്നോട് മമ്മൂക്ക പറഞ്ഞു. ആദ്യം അദ്ദേഹം കണ്ടിട്ട് ആ പേര് വേണ്ട, അത് ശരിയാവില്ല എന്ന് പറഞ്ഞു. രണ്ടാമത് വേറെ ഡിസൈനില്‍ എഴുതി കാണിച്ചപ്പോള്‍ മമ്മൂക്ക രണ്‍ജി പണിക്കരെ വിളിച്ച് കാണിച്ച് കൊടുത്തു. രണ്‍ജി പണിക്കര്‍ കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.’

‘അത് പറയാന്‍ വേണ്ടി ചെറിയ രീതിയില്‍ രണ്‍ജിയെ സ്വാധീനിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഈ കാര്യം മമ്മൂക്ക അറിഞ്ഞാല്‍ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കും. അവസാനം അപ്പച്ചന് ഇഷ്ടമുള്ളത് പോലെ ചെയ്യാം എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് സി.ബി.ഐ 5: ദി ബ്രെയ്ന്‍ എന്ന പേര് ചിത്രത്തിന് വന്നത്.’ അപ്പച്ചന്‍ പറഞ്ഞു.

You May Also Like