Connect with us

Hi, what are you looking for?

Film News

കഠിനാധ്വാനം തുടരും! ആരാധകര്‍ക്ക് നന്ദി അറിയിച്ച് പൃഥ്വിരാജ്!

സിനിമാ രംഗത്ത് നടനായും സംവിധായകനായും നിര്‍മ്മാതാവായും വിതരണക്കാരനായും എല്ലാം തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന് നാല്‍പ്പത് വയസ്സ് പൂര്‍ത്തിയായത്. പ്രിയതാരത്തിന്റെ ജന്മദിനം ആരാധകരും പ്രിയപ്പെട്ടവരും ആഘോഷമാക്കി മാറ്റിയിരുന്നു.. ഇപ്പോഴിതാ തനിക്ക് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഒരു പുത്തന്‍ ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് നന്ദിവാക്കുകളുമായി എത്തിയത്. എല്ലാവരുടെ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി അറിയിച്ച താരം, ഇനിയും താന്‍ കഠിനാധ്വാനം ചെയ്യുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുമെന്നും പറയുന്നു.. പൃഥ്വിരാജ് കുറിച്ച വാക്കുകളിലേക്ക്.. എല്ലാവരുടേയും സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി.. ജീവിതം എന്ന് വിളിക്കുന്ന ഈ യാത്രയില്‍ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി..

എപ്പോഴത്തേയും പോലെ ഇപ്പോഴും ഞാന്‍ എന്റെ കഠിനാധ്വാനം തുടരുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുമെന്നും നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു എന്നുമാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന്റെ കൂടുതല്‍ സിനിമാ വിശേഷങ്ങളും പുറത്ത് വന്നിരുന്നു. ഖലീഫ എന്ന പുതിയ ചിത്രം അദ്ദേഹത്തിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഖലീഫ’. ‘പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും’, എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് വൈശാഖ് ഉറപ്പ് നല്‍കുന്നു.

കാപ്പയാണ് പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. വിലായത്ത് ബുദ്ധ, സലാര്‍, കാപ്പ, കാളിയന്‍, ആടുജീവിതം, എമ്പുരാന്‍ തുടങ്ങിയവയാണ് പൃഥ്വിരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

You May Also Like