Connect with us

Hi, what are you looking for?

Film News

എന്റെ നിറത്തിന് എന്താണ് കുഴപ്പം: കൃഷ്ണന്റെ നിറവും കറുപ്പല്ലേ, ബോഡി ഷെയ്മിങ്ങില്‍ ചോദ്യമെറിഞ്ഞ് പ്രിയാമണി

താന്‍ നിറത്തിന്റെ പേരില്‍ ബോഡി ഷെയ്മിങിന് ഇരയായിട്ടുണ്ടെന്ന് പ്രിയാമണി. മറ്റ് താരങ്ങളെ അപേക്ഷിച്ച് പ്രിയമണിയുടെ നിറം കറുപ്പാണെന്ന് സമൂഹ മാധ്യമങ്ങളിലടക്കം ചിലര്‍ മുമ്പ് പ്രതികരിച്ചിരുന്നു. ഇൗ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു പ്രിയമണി.

എന്നാല്‍ തന്റെ നിറത്തിന് എന്താണ് കുഴപ്പമെന്ന് പ്രിയമണി ചോദിക്കുന്നു. ഞാന്‍ കറുത്ത നിറത്തിലാണ് എങ്കില്‍ സൗന്ദര്യം ഇല്ല എന്നാണോ. ഭഗവാന്‍ കൃഷ്ണന്‍ കറുപ്പല്ലേ. അത് എന്തൊരു സൗന്ദര്യമാണ്. കറുപ്പ് അഴകാണ്. അതുകൊണ്ട് ആരെയും നിറത്തിന്റെ പേരില്‍ അഭിസംബോധന ചെയ്യരുത്. ഹോ നിങ്ങള്‍ തടിച്ചു, അയ്യോ കറുത്തല്ലോ എന്നിങ്ങനെയുള്ള നെഗറ്റീവിറ്റ് പ്രചരിപ്പിയ്ക്കാതിരിയ്ക്കുക, പ്രിയമണി പറയുന്നു.

നിറത്തിന്റെ പേരില്‍ ബോഡി ഷെയ്മിങിന് ഇരയായിട്ടുള്ളതായി മുന്‍പൊരിക്കല്‍ നടി നവ്യ നായരും പ്രതികരിച്ചിരുന്നു. പത്ത് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന തന്റെ പുതിയ സിനിമയിലൂടെ നവ്യ മലയാളത്തിലേയ്ക്കുള്ള മടങ്ങിവരവ് അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അഭിമുഖങ്ങളില്‍ ഒന്നിലാണ് നവ്യയും ഇക്കാര്യം വ്യക്തമാക്കിയത്. നിറത്തിന്റെ പേരില്‍ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ കാരണം മറ്റ് നടിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും മാറിനില്‍ക്കാന്‍ പോലും താന്‍ ശ്രമിച്ചിരുന്നതായും നവ്യ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, സോഷ്യല്‍ മീഡിയകളില്‍ തനിക്ക് എതിരായിവരുന്ന കമന്റുകളെക്കുറിച്ചും പ്രിയമണി പ്രതികരിച്ചു. ഇത്തരം കമന്റുകള്‍ പലപ്പോഴും പലരെയും വേദനിപ്പിക്കാറുണ്ടെങ്കിലും അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് നാം തിരിച്ചറിയണമെന്നും താരം ഓര്‍മ്മിപ്പിക്കുന്നു. എനിക്ക് എന്താണോ ആരാധകര്‍ക്ക് കാണിക്കണം എന്ന് തോന്നുന്നത്, അത് മാത്രമാണ് ഞാന്‍ കാണിക്കുന്നത്. അവര്‍ക്ക് അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് എന്റെ വിഷയമല്ല, പ്രിയമണി പറയുന്നു.

മറ്റൊരു കാര്യം ഞങ്ങള്‍ക്ക് എന്തും പറയാനുള്ള അധികാരമുണ്ട് എന്ന് ട്രോളന്മാര്‍ കരുതുന്നു. ചിലര്‍ അത് വളരെ ഗൗരവമായിട്ടാണ് കാണുന്നത്. അതുകൊണ്ട് ആരാധകര്‍ക്കും ട്രോളന്മാര്‍ക്കും എല്ലാം കാണിച്ച് കൊടുക്കരുത്. എന്നെ കുറിച്ച് വരുന്ന ചില ട്രോളുകള്‍ ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്. ചിലത് ഞാന്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ദഹിക്കാന്‍ കഴിയാത്ത ട്രോളുകളും കാണാം. സന്തോഷത്തോടെ ഇരിക്കുന്നു എന്നതിലാണ് കാര്യമെന്നും അതിന് നിങ്ങളുടെ ശരീരപ്രകൃതി എങ്ങിനെ ആയിരുന്നാലും അതൊരു വിഷയമല്ലെന്ന് കൂട്ടിച്ചേര്‍ത്ത താരം മൊബൈലില്‍ അധിക സമയം ചിലവഴിക്കുന്ന രീതിയെ നിരുല്‍ത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

You May Also Like