Connect with us

Hi, what are you looking for?

Film News

11 മണിക്ക് വിളിച്ച് മമ്മൂട്ടിയുടെ അച്ഛനാകാമോ എന്ന് സംവിധായകന്‍, സായ്കുമാറിന്റെ മറുപടി: രാജമാണിക്യത്തിലെ അച്ഛന്‍ കഥാപാത്രത്തെ കുറിച്ച് സായ് കുമാര്‍

വളരെ യാദൃശ്ചികമായി ലഭിച്ച വേഷമാണ് മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം രാജമാണിക്യത്തിലേത് എന്ന് നടന്‍ സായികുമാര്‍. വഴക്ക് പറയരുത് എന്ന മുഖവുരയോടെ രാത്രി 11 മണക്ക് പ്രൊഡ്യൂസര്‍ ആന്റോ ജോസഫ് വിളിച്ച് തനിക്ക് ഈ വേഷം നല്‍കുകയായിരുന്നുവെന്നും സായികുമാര്‍ പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അച്ഛനായാണ് ഞാന്‍ അഭിനയിച്ചത്. ആദ്യം രാജമാണിക്യത്തില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. നടന്‍ രഞ്ജിത്തിനോട് അവന്റെ അടുത്ത പടം ഏതാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത് മമ്മൂക്കയുടെ കൂടെയുള്ള ഒരു തിരുവനന്തപുരം ലൈനിലുള്ള പടമാണെന്നാണ് എന്നോട് പറഞ്ഞു. എനിക്ക് ആ പടത്തില്‍ വേഷമില്ലെന്നും മമ്മൂക്കയുടെ ഒപ്പമുള്ളവരുടെയൊക്കെ വേഷം ഞാന്‍ ചെയ്താല്‍ ശരിയാവില്ലെന്നും എന്നോട് പറഞ്ഞിരുന്നു.

പിന്നീട് ഒരു ദിവസം പ്രൊഡ്യൂസര്‍ ആന്റോ ജോസഫ് എന്നെ രാത്രി 11 മണിക്ക് എന്നെ വിളിച്ചു. ആ സമയം ഞാന്‍ ഗുരുവായൂരില്‍ ഒരു പടത്തിന്റെ ഷൂട്ടിംഗിലായിരുന്നു. വിളിച്ചിട്ട് വഴക്ക് പറയരുതെന്നായിരുന്നു ആദ്യം എന്നോട് പറഞ്ഞത്. എന്തിനാണ് വഴക്ക് പറയുന്നതെന്നായിരുന്നു ഞാന്‍ ആലോചിച്ചത്. അവന്‍ വിളിച്ചത് രാജമാണിക്യത്തിലെ ഒരു വേഷത്തെ കുറിച്ച് പറയാനായിരുന്നു. ആ വേഷത്തിന് തമിഴ് തെലുങ്ക് ആര്‍ട്ടിസ്റ്റുകളെയൊക്കെ നോക്കിയിരുന്നു. പക്ഷേ അത് ശരിയായില്ല എന്നാണ് തോന്നുന്നത്. അതിന്റെ കാരണം എനിക്കറിയില്ല.

ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ഛനായാണ് എന്റെ വേഷമെന്ന് പറഞ്ഞു. അതിനെന്താ, പണം തരുമോ എന്നായിരുന്നു എന്റെ മറുപടി. പണം തരുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെ പറയുകയായിരുന്നു. എനിക്ക് അച്ഛന്‍ കഥാപാത്രങ്ങള്‍ ഇഷ്ടമാണ്.

മാത്രമല്ല, മമ്മൂക്കയെ പോലുള്ളവരുടെ അച്ഛനാവുക എന്ന് പറഞ്ഞാല്‍ ഒരു സുഖമല്ലേ. നമുക്ക് അതൊരു ചാലഞ്ച് കൂടിയാണല്ലോ. ഡാ എന്ന് വിളിച്ചാല്‍ ഇങ്ങ് വരുമല്ലോ. അച്ഛനായി അഭിനയിക്കാന്‍ സാധിച്ചത് എന്റെ അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ അനുഗ്രഹം കൂടിയാണ്. അതല്ലാതെ വേറെ വഴിയില്ല,” സായ് കുമാര്‍ പറഞ്ഞു.

You May Also Like