Connect with us

Hi, what are you looking for?

Film News

മലയാള സിനിമയുടെ പുതിയ ആക്ഷന്‍ ഹീറോ!!! സിജു ശരിക്കും അദ്ഭുതപ്പെടുത്തിയെന്ന് മേജര്‍ രവി, നന്ദിയറിയിച്ച് വിനയന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ വിനയന്‍ ഒരുക്കിയ ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. സിജു വില്‍സണ്‍ നായകനായ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഗോകുലം മൂവീസിന്റെ ബാനറിലാണ് ബ്രഹ്‌മാണ്ഡ ചിത്രമായി ‘പത്തൊന്‍പതാം നൂറ്റാണ്ട് എത്തുന്നത്.

തിരുവോണ ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്. നാല് ദിനങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മികച്ച പ്രേക്ഷ പ്രതികരണമാണ് ചിത്രം നേടുന്നത്. ട്രെയിനില്‍ താരങ്ങള്‍ നേരിട്ടെത്തി യാത്രക്കാരോടൊപ്പം പങ്കുചേര്‍ന്നായിരുന്നു ചിത്രത്തിന്റെ വേറിട്ട പ്രചാരണം. ഇപ്പോള്‍ ഇതാ ആരാധകരുടെ ആവേശം നേരില്‍ കാണാന്‍ എത്തിയിരിക്കുകയാണ് ടീം ‘പത്തൊന്‍പതാം നൂറ്റാണ്ട്’.

ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍, നായകന്‍ സിജു വില്‍സണ്‍, നായിക കയാദു ലോഹര്‍ തുടങ്ങിയവര്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ ആസ്വദിക്കാന്‍ തിയ്യറ്ററില്‍ നേരിട്ടെത്തി. മജസ്റ്റിക് ഞാറക്കല്‍, എം സിനിമാസ് വരാപ്പുഴ, പിവിആര്‍ സിനിമാസ് എന്നിവിടങ്ങളിലാണ് സംഘം എത്തി പ്രേക്ഷകാഭിപ്രായം നേരിട്ടറിഞ്ഞത്.

പത്തൊന്‍പതാം നൂറ്റാണ്ടിനെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് വിനയന്‍ നന്ദിയും അറിയിച്ചു. മലയാള സിനിമയ്ക്ക് പുതിയ ആക്ഷന്‍ ഹീറോയെ സമ്മാനിക്കാന്‍ കഴിഞ്ഞു. സിജുവിന് ഈ കഥാപാത്രം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് തിയേറ്ററുകളില്‍ നിന്നുള്ള പ്രതികരണം.

നായിക കയാദുവിനെയും മലയാള സിനിമ സ്വീകരിച്ചു കഴിഞ്ഞു. മലയാളത്തില്‍ നിന്നും ഇനി കൂടുതല്‍ ചിത്രങ്ങള്‍ കയാദുവിനെ തേടിയെത്തും. സിനിമയെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദിയെന്നും വിനയന്‍ പറഞ്ഞു.

അതേസമയം, പത്തൊന്‍പതാം നൂറ്റാണ്ടിനേയും നായകന്‍ സിജു വില്‍സനെയും അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജര്‍ രവിയും എത്തി. വളരെ മനോഹരമായി കണ്ടിരിക്കാവുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സിജു ശരിക്കും അദ്ഭുതപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്ലൊരു വാഗ്ദാനമാണ് സിജു എന്നും മേജര്‍ രവി പറഞ്ഞു. സിജു എന്ന നടനെ വച്ച് സംവിധായകന്‍ എടുത്ത ഉദ്യമവും, സിജു അതിനോട് പുലര്‍ത്തിയ നീതിയുമാണ് എടുത്തുപറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You May Also Like