Connect with us

Hi, what are you looking for?

Film News

നസ്ലിന്‍- മാത്യു തോമസ് ചിത്രം ’18 പ്ലസ്’ ഒടിടിയിലെത്തുന്നു

നസ്ലിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ’18 പ്ലസ്’ എന്ന ചിത്രം തിയേറ്ററുകളില്‍ വിജയമായിരുന്നു. 11 ദിവസത്തെ കളക്ഷനായി കേരള ബോക്‌സോഫീസിന്റെ ട്വിറ്റര്‍ പേജില്‍ നല്‍കിയിരിക്കുന്ന കണക്ക് 5.4 കോടിയാണ്. കേരളത്തില്‍ നിന്നും മാത്രം 4.35 കോടിയും ചിത്രം നേടി. ഏകദേശം 8 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഈ ചിത്രത്തിന്റെ OTT റിലീസ് തീയതി ജൂലൈ അവസാന മാസത്തില്‍ പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ട്. ചിത്രം സോണി ലിവില്‍ ആയിരിക്കും സ്ട്രീം ചെയ്യുന്നത്. ഇതുവരെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി തീയ്യതിയോ പ്ലാറ്റ്‌ഫോമോ പ്രഖ്യാപിച്ചിട്ടില്ല.

ചിത്രത്തിലെ കല്യാണ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നസ്ലിനും, മാത്യു തോമസും, ബിനു പപ്പുവും, സാഫ് ബ്രോസും, മീനാക്ഷിയും ആടിത്തിമിര്‍ക്കുന്ന കാഴ്ചയാണ് ഗാനത്തിലുള്ളത്. കുറെ നാളുകള്‍ക്കുശേഷമാണ് മലയാളത്തില്‍ ഇത്തരമൊരു ഫാസ്റ്റ് നമ്പര്‍ ഗാനം ഇറങ്ങുന്നത്. മദനോത്സവം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യര്‍ ആണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

യോഗി ശേഖര്‍ പാടിയിരിക്കുന്ന പാട്ടിന്റെ വരികള്‍ വൈശാഖ് സുഗുണനാണ് എഴുതിയിരിക്കുന്നത്. ഷോബി പോള്‍ രാജിന്റേതാണ് കൊറിയോഗ്രാഫി. ഫലൂഡ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ അനുമോദ് ബോസ്, മനോജ് മേനോന്‍, ജി പ്രജിത്, ഡോ: ജിനി കെ ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നസ്ലിന്‍ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രമാണ് 18 പ്ലസ്. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ സംവിധായകനൊപ്പം അതിലെ പ്രധാന താരങ്ങളും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മാത്യു തോമസ്, ബിനു പപ്പു, രാജേഷ് മാധവന്‍, നിഖില വിമല്‍, മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ യു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രണയവും സൗഹൃദവും തമാശയും ഇടകലര്‍ത്തിയ ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയിനറാണ് 18 പ്ലസ്.

You May Also Like