Connect with us

Hi, what are you looking for?

Film News

കാന്താരയ്ക്ക് വീണ്ടും തിരിച്ചടി; ‘വരാഹരൂപം’ ഗാനം തിയറ്ററിലും ഒടിടിയിലും പ്രദര്‍ശിപ്പിക്കരുതെന്ന് കോടതി

തിയറ്ററുകളില്‍ കോളിളക്കം സൃഷ്ടിച്ച കന്നട ചിത്രം കാന്താരയിലെ ‘വരാഹരൂപം’ എന്ന് ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോടതിയുടെ ഇടപെടല്‍. ഗാനം ഉള്‍ക്കൊള്ളിച്ച് സിനിമ, തിയറ്ററുകളിലും ഒടിടിയിലും യൂട്യൂബിലും ആമസോണിലും പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു. പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെതാണ് ഉത്തരവ്.

കോപ്പിറൈറ്റ് ഉടമകള്‍ നല്‍കിയ തടസ ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്. നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ആമസോണ്‍, യൂട്യൂബ്, സ്പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക്, ജിയോസവന്‍ എന്നിവരെയാണ് ഗാനം തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും റിലീസ് ചെയ്യുന്നതില്‍ നിന്നും സ്ട്രീം, വിതരണം എന്നിവയില്‍ നിന്നും തടഞ്ഞത്.

പ്രമുഖ സംഗീത ബ്രാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ തനി പകര്‍പ്പാണ് ചിത്രത്തിലെ ഗാനമെന്നും അതിനാല്‍ തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഗാനം ഉപയോഗിക്കരുതെന്നും കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. വിധിയ്ക്ക് പിന്നാലെ ഗാനം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ തിയറ്ററുകളോടും സമൂഹമാദ്ധ്യമങ്ങളോടും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ‘കാന്താര’യിലെ ഗാനം കോപ്പിയടിച്ചിട്ടില്ലെന്നും തൈക്കൂടം ബ്രിഡ്ജ് ഉന്നയിച്ച പരാതിയില്‍ പ്രൊഡക്ഷന്‍ ഹൗസ് ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും റിഷഭ് ഷെട്ടി പറഞ്ഞിരുന്നു. ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ ഗാനത്തിന് ബി അജനീഷ് ലോക്‌നാഥ് ആണ് സംഗീതം നല്‍കിയത്. 2016ല്‍ തൈക്കുടം ബ്രിഡ്ജ് പുറത്തിറക്കിയ ഒമ്പത് പാട്ടുകളുള്ള ആല്‍ബത്തിന്റെ ടൈറ്റില്‍ ട്രാക്കായിരുന്നു ‘നവരസം’.

കഥകളിയുടെ പശ്ചാത്തലവുമായി ചേര്‍ത്താണ് പാട്ട് ഒരുക്കിയിരിക്കുന്നത്. രണ്ടുഗാനങ്ങളും തമ്മില്‍ വലിയ സാമ്യതകളാണുള്ളത്. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച് ഉത്തരവാദികള്‍ക്കെതിരെ നിയമ വഴിക്ക് നീങ്ങുമെന്ന് തൈക്കുടം ബ്രിഡ്ജ് നേരത്തെ വിശദീകരിച്ചു.

You May Also Like