Connect with us

Hi, what are you looking for?

Local News

‘കുഞ്ഞേ നീ മരിച്ചത് നന്നായി..’ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ദീപ സൈറ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

സ്ത്രീധന പീഡനമായിരുന്നു വിസ്മയ കേസിലെ പ്രധാന വില്ലന്‍. വിദ്യാസമ്പന്നയായ ഭാര്യയെക്കാളേറെ കിരണ്‍കുമാര്‍ എന്ന സര്‍ക്കാരുദ്യോഗസ്ഥന് സ്ത്രീധനത്തോടായിരുന്നു പ്രിയം. ഭാര്യവീട്ടില്‍നിന്ന് സമ്മാനമായി ലഭിക്കുന്ന കാറിലും സ്വര്‍ണത്തിലും മാത്രമായിരുന്നു അയാളുടെ നോട്ടം. താന്‍ ആഗ്രഹിച്ച കാര്‍ ഭാര്യവീട്ടുകാര്‍ നല്‍കാതിരുന്നതോടെ അയാളുടെ മട്ടും ഭാവവും മാറി. അതുവരെ കണ്ടിരുന്ന കിരണിനെയായിരുന്നില്ല വിസ്മയ പിന്നീട് കണ്ടത്. വഴക്കുകളും പ്രശ്നങ്ങളും ഇന്നോ നാളേയോ തീരുമെന്ന് കരുതി ആ 24-കാരി എല്ലാം സഹിച്ചു. ഒടുവില്‍ കൊടിയ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ ആ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. ഇപ്പോഴിതാ ദീപ സൈറ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വെറുതെ.. ഒരു കഥ പോലെ ഓര്‍ക്കാമെന്നു പറഞ്ഞാണ് ദീപ ഈ പോസ്റ്റ് തുടങ്ങുന്നത്.

വിസ്മയ മരിച്ചില്ല എങ്കില്‍ നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ചാണ് ദീപ കുറിച്ചത്.

ഒരു ഉറച്ച തീരുമാനമെടുത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ അവള്‍ കോടതിയിലേക്ക് നീങ്ങുകയാണ് ഒരു ഡിവോഴ്‌സ് മാത്രമല്ല അവള്‍ ആഗ്രഹിച്ചത്. സ്ത്രീധനം ചോദിച്ചു വാങ്ങിയത് മുതല്‍ ദേഹോപദ്രവം വരെ അവള്‍ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിക്കുന്നു. കിരണ്‍ എന്ന മനുഷ്യനെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എല്ലാവരുടെയും സഹായവും സഹകരണവും തേടുന്നു…എന്ത് നടക്കുമെന്ന് നോക്കാമെന്നാണ് ദീപ കുറിക്കുന്നത്.

ഇതിനായി സ്വന്തം വീട്ടുകാരുടെ പ്രതികരണം ഇങ്ങനെയൊക്കയായിരിക്കുമെന്ന് ഇവര്‍ സങ്കല്പിക്കുന്നു. ‘കഴിവതും ഡിവോഴ്‌സ് ഇല്ലാതെനോക്കാം മോളെ. അല്പം ക്ഷമയൊക്കെ നമ്മളും കാണിക്കണം. തീരെ സഹിക്കാന്‍ പറ്റാതെ ആയാല്‍ വേണമെങ്കില്‍ നീ ഇവിടെ വന്നു നിന്നോ.! ഇനി നിനക്ക് നിര്‍ബന്ധം ആണെങ്കില്‍ ഡിവോഴ്‌സ് നോക്കാം. അല്ലാതെ അയാളെ ഉപദ്രവിച്ചിട്ട് നമുക്കെന്ത് കിട്ടാനാണ്.. നമുക്ക് മാത്രമാണ് നഷ്ടം. നിന്റെ ജീവിതമാണ് പോകുന്നത്. നാട്ടുകാര്‍ നമ്മളെയാവും കുറ്റപ്പെടുത്തുക. ഇപ്പോള്‍ തന്നെ ബന്ധുക്കള്‍ പലരും മുറുമുറുത്തു തുടങ്ങിയെന്നായിരിക്കും സ്വന്തം വീട്ടില്‍ അച്ഛന്‍, ചേട്ടന്‍, അമ്മ പറയുകയെന്നും ഇവര്‍ കുറിക്കുന്നു.

അതേസമയം നാട്ടുകാരാണെങ്കിലോ ഇപ്പോഴത്തെ പിള്ളേര്‍ക്ക് ഒന്ന് അഡ്ജസ്‌റ് ചെയ്യാന്‍ ഉള്ള കഴിവില്ല.. ഒന്ന് പറഞ്ഞു രണ്ടാമത്തെന് കോടതിയിലാ.. ആ ചെറുക്കന്‍ പാവമാണെന്നെ. കാണാനും കൊള്ളാം. നല്ല ജോലിയും. ഇവള്‍ടെ അഹങ്കാരം.. കൊടുക്കാമെന്നു പറഞ്ഞ കാശും കാറുമൊക്കെ കൊടുക്കണ്ടേ പിന്നെ? പറഞ്ഞു പറ്റിക്കാമൊ?? പെങ്കൊച്ചിന് വേറെ വല്ല റൊമാന്‍സും കാണുമെന്നെ… അല്ലാതെ പിന്നെ.. എന്നുമായിരിക്കും.

കിരണിന്റെ വീട്ടുകാരാണെങ്കില്‍ ‘ഒരു നയാപൈസ ജീവനാംശം കൊടുക്കാത്ത രീതിയില്‍ ഡിവോഴ്‌സ് ചെയ്ത് എടുക്കണം. അവള്‍ അനുഭവിക്കട്ടെ.. എന്റെ മോനു വേറെ നല്ല ബന്ധം കിട്ടും.. നല്ല കാറും കിട്ടും. അവള്‍ പെണ്ണാ.. അവളിനി ആ വീട്ടില്‍ കിടന്നു നരകിക്കുമെന്നുമായിരിക്കും പറയുക.

അതേസമയം കിരണാണെങ്കിലോ കേസ് നീട്ടും ഞാന്‍! അവള്‍ പഠിത്തം സമാധാനത്തോടെ തീര്‍ക്കില്ല. കോളേജിലും നാട്ടിലും അവളെപ്പറ്റി കഥകള്‍ അടിച്ചിറക്കിയാണെങ്കിലും അവളെ നാറ്റിക്കും ഞാന്‍! നോക്കിക്കോ എന്നുമായിരിക്കും പ്രതികരിക്കുക.

അവസാനം കോടതിയാണെങ്കിലോ ‘തെളിവില്ല… ഇത് പോരാ… ശിക്ഷിക്കാന്‍ പറ്റില്ല.. കൗണ്‍സിലിംഗ് കൊടുക്കാം വേണേല്‍ ഡിവോഴ്‌സിന് വേണേല്‍ ശ്രമിക്കാം’ എന്നൊക്കെയായിരിക്കും പ്രസ്താവിക്കുക എന്നും ദീപ പറയുന്നുണ്ട്.

കുഞ്ഞേ നീ മരിച്ചത് നന്നായി.. ഇത്രയെങ്കിലും നീതി ലഭിച്ചല്ലോ, ആണ്‍മക്കളെ സ്ത്രീസംരക്ഷണ നിയമങ്ങളും അത് ലംഘിച്ചാല്‍ ലഭിക്കുന്ന ശിക്ഷയും അറിയിച്ചു വളര്‍ത്തുക. പെണ്മക്കളെ വിദ്യാഭ്യാസവും നിയമജ്ഞാനവും സാമ്പത്തിക സ്വതന്ത്ര്യവും നല്‍കി വളര്‍ത്തുക.. പിന്നെ ഏറ്റവും പ്രധാനം, സ്ത്രീധനം കൊടുക്കാതിരിക്കുക… പറ്റുവോയെവിടെ പറ്റാനെന്നും പറഞ്ഞാണ് ദീപയുടെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

You May Also Like