Connect with us

Hi, what are you looking for?

Film News

43 ലക്ഷം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ കൊടുത്തിട്ടുമുണ്ട്; എന്നെ പിടിച്ചാല്‍ പണം കിട്ടുമെന്നായിരിക്കും ധാരണ

പണത്തിന്റെ പേരില്‍ താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന് നല്‍കിയിട്ടുണ്ടെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. താന്‍ ആരെയും പണംവാങ്ങി വഞ്ചിച്ചിട്ടില്ല.

തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത് വ്യാജ പരാതിയാണ്. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ അവരുടെ ഒരാളുടെയെങ്കിലും കൈയില്‍ നിന്ന് പണം വാങ്ങിയതിന്റെ തെളിവോ ചെക്കോ എന്തെങ്കിലും ഉണ്ടെങ്കില്‍ തെളിവു സഹിതം കാണിക്കാന്‍ തയ്യാറാകണം.

ജനങ്ങള്‍ക്ക് നല്ല മീന്‍ എന്നതില്‍ ഉപരി ഒരു പാട് പേര്‍ക്ക് തൊഴില്‍ നല്‍കാനായി ആരംഭിച്ച സംരംഭമാണിത്. ആര്‍ക്കും അഞ്ചുരൂപ പോലും താന്‍ നല്‍കാനില്ല. 43 ലക്ഷം രൂപ ഈ സ്ഥാപനത്തിന് പരാതിക്കാരന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന്‍ വാങ്ങിയിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ കൈവശമുണ്ട്.

പിന്നെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം ‘ധര്‍മൂസ് ഫിഷ്’ ഹബ്ബ് എന്നത് താന്‍ ഉള്‍പ്പെടെ 11 പാര്‍ട്ണര്‍മാരുടേതായ സ്ഥാപനമാണ്. ഇതില്‍ പാര്‍ട്ണര്‍മാരില്‍ 11-ാമത്തെ ആളാണ് ഞാന്‍. പക്ഷേ, പരാതി വന്നപ്പോള്‍ താന്‍ ഒന്നാം പ്രതിയായത് എങ്ങനെയാണെന്ന് അറിയില്ലെന്നും ധര്‍മജന്‍ പറഞ്ഞു.

മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്കെതിരേ വഞ്ചനാക്കേസ് എടുത്തിരിക്കുന്നത്. 43 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ധര്‍മജനടക്കം 11 പേര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ധര്‍മൂസ് ഫിഷ് ഹബ്ബ്. ധര്‍മൂസ് ഫിഷ് ഹബ്ബ് സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസി കൊടുത്തിരുന്നു. അതില്‍ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാം എന്ന് ധര്‍മജന്‍ ബോള്‍ഗാട്ടിയും പത്ത് പ്രതികളും തന്നോട് പറഞ്ഞിരുന്നു എന്നും ഇത് അനുസരിച്ച് പലപ്പോഴായി തന്നില്‍ നിന്നും 43 ലക്ഷം രൂപ വാങ്ങി എന്നുമാണ് പരാതിയില്‍ പറയുന്നത്. പണം വാങ്ങിയ ശേഷം മീന്‍ തനിക്ക് വില്‍പ്പനയ്ക്കായി എത്തിക്കേണ്ടതായിരുന്നു എന്നും പരാതിക്കാരന്‍ പറയുന്നു.

എന്റെ കൂട്ടുകാര്‍ പണം കൊടുക്കാനുണ്ടെങ്കില്‍ അവര്‍ കൊടുക്കുക തന്നെ വേണം. പക്ഷെ പണം കൊടുക്കാനുണ്ടെന്ന് തെളിയിക്കപ്പെടണം. കൊടുത്തതിനും വാങ്ങിയതിനും രേഖയുണ്ടാകും. യാതൊരു ഉടമ്പടിയോ രേഖയോ ഇല്ലാതെ ആരും ഇത്ര വലിയ തുക വെറുതെ കൊടുക്കില്ലെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അഞ്ച് രൂപയെങ്കിലും താന്‍ വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പലിശയടക്കം കൊടുക്കാന്‍ തയ്യാറാണ്. ആരെങ്കിലും എന്തെങ്കിലും പൈസ വാങ്ങിയെന്നതിന്റെ തെളിവുമായി വരട്ടെ. അത് കൊടുക്കാന്‍ ബാധ്യസ്ഥനാണെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇതിലൂടെ തന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമമെന്നും ധര്‍മ്മജന്‍ പറയുന്നു.

You May Also Like