Connect with us

Hi, what are you looking for?

Film News

എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു- ഇന്ദ്രന്‍സ്

നടി ആക്രമിച്ച സംഭവത്തിലെ വിവാദ പ്രസ്താവനയില്‍ ക്ഷമാപണം നടത്തി നടന്‍ ഇന്ദ്രന്‍സ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും വുമണ്‍ ഇന്‍ സിനിമ കളക്ടീവുമായി ബന്ധപ്പെട്ടും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വിവാദ പരാമര്‍ശം. ഇത് വിവാദമായിരുന്നു.

ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്ന് ഇന്ദ്രന്‍സ് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഇന്ദ്രന്‍സ് പറയുന്നു.

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല.

ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്.

മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു….എല്ലാവരോടും സ്‌നേഹം എന്നു പറഞ്ഞാണ് ഇന്ദ്രന്‍സ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

You May Also Like