Connect with us

Hi, what are you looking for?

Film News

‘ഏറെ വേദനിച്ചത് എപ്പോഴാണെന്ന് ചോദിച്ചാല്‍ കിച്ചുവിന്റെ അത്താഴം നിഷേധിച്ച കുട്ടനെ കണ്ടപ്പോഴാണ്’ കുറിപ്പ്

രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ പുഴുവിന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്. പുഴുവിന്റെ ടീസറും ട്രെയിലറും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അച്ഛന്റെ മകനും അച്ഛനറിയാത്ത മകനും ഒരു ‘പുഴു’ കാഴ്ച്ച എന്ന് പറഞ്ഞാണ് ജയലക്ഷ്മി മൂവി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

പുഴു എല്ലാ അര്‍ത്ഥത്തിലും ഹൃദയം കാര്‍ന്ന് തിന്നുന്നുണ്ട്, അതില്‍ ഏറെ വേദനിച്ചത് എപ്പോഴാണെന്ന് ചോദിച്ചാല്‍ കിച്ചുവിന്റെ അത്താഴം നിഷേധിച്ച കുട്ടനെ കണ്ടപ്പോഴാണ്. ഞാന്‍ വരയ്ക്കുന്ന വൃത്തത്തില്‍ എന്റെ മകള്‍ / മകന്‍ ജീവിക്കണമെന്ന് വാശിപിടിക്കുന്ന ജന്മം കൊടുത്തു എന്ന ന്യായവാദത്തില്‍ പിടിച്ചു തൂങ്ങി ഒരായുസ്സു മുഴുവന്‍ മക്കളുടെ സ്വാഭാവശുദ്ധിയ്ക്കായി മെനക്കെടുന്ന മാതാപിതാക്കള്‍ എക്കാലത്തും ഒരു പേടിസ്വപ്നമാണെന്നും ജയലക്ഷ്മി കുറിക്കുന്നു.

പുഴുവിലെ അച്ഛനായ കുട്ടന്‍ (ഹരി) തന്റെ മകന്റെ ജീവിതത്തിലെ എല്ലാത്തരം സന്തോഷങ്ങളെയും ഉന്മൂലനം ചെയ്യുന്ന ഒരു മനുഷ്യനാണ്. ഞാന്‍ നിനക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന പ്രസ്താവനയിലൂടെ നീ എന്റെ പ്രതിബിംബമായി മാറണമെന്ന് ശഠിക്കുന്ന സങ്കുചിത മനോഭാവമുള്ള ഒരു മനുഷ്യനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വീട്ടിലുള്ള ഏതെങ്കിലുമൊരു വസ്തുവിന് സ്ഥാനം തെറ്റിയാല്‍ നെറ്റിചുളിയുന്ന, വ്യവസ്ഥാപിതമായ ശീലങ്ങളില്‍ നിന്നും മാറിച്ചിന്തിക്കാത്ത , ജാതീയ വേര്‍തിരിവുകളുടെ വിത്ത് കുഞ്ഞ് മനസ്സില്‍ പാകുന്ന അച്ഛനായി പിറന്ന അസുരനായി മമ്മൂട്ടി പകര്‍ന്നാടിയിട്ടുണ്ടെന്നും കുറിച്ചു.

തക്കാളി പച്ചക്കറിയാണെന്ന് അച്ഛന്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ അത് അനുസരിച്ച് അയാള്‍ പറഞ്ഞ അതേ താളത്തില്‍ 500 തവണയത് എഴുതുന്ന മകന്റെ ദുരവസ്ഥ ഭീതിജനകമാണ്. എന്റെ അച്ഛന്‍ പറയുന്നത് ഞാനും ഞാന്‍ പറയുന്നത് എന്റെ മകനും ചെയ്ത് പോരണമെന്ന ശക്തമായ ആവശ്യം കുട്ടനെന്ന കഥാപാത്രത്തിന്റെ കണ്ണുകളില്‍ നിഴലിക്കുന്നുണ്ട്. അയാളുടെ കണ്ണില്‍ മകന്റെ കൂട്ടുകാര്‍ തെണ്ടിപ്പിള്ളേരാവുന്നതും ഇത് കൊണ്ട് തന്നെയാണ്. മക്കള്‍ തങ്ങളുടേതാണെന്ന് കരുതുന്ന മാതാപിതാക്കളും അവര്‍ ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത മക്കളും തമ്മിലുള്ള അന്തരം ഏറെ വലുതാണ്. വെല്ലുവിളിച്ചും വാശിപിടിച്ചും മക്കളുടെ നന്മയ്ക്ക് വേണ്ടി എന്ന വ്യാജേന ഇവര്‍ ചെയ്തുകൂട്ടുന്നതൊന്നും സ്‌നേഹത്തിന്റെ പര്യായമാവുന്നില്ല. ശക്തമായ വെറുപ്പിന്റെ രാഷ്ട്രീയമായേ അവയെ കാലം അടയാളപ്പെടുത്തൂവെന്ന് പറഞ്ഞാണ് ജയലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.

You May Also Like