Connect with us

Hi, what are you looking for?

Film News

‘ബി 32 മുതല്‍ 44 വരെ’ യിലെ മുലക്കഥകള്‍. എണ്ണിയാലൊടുങ്ങാത്ത മുലക്കഥകള്‍ ലോകത്ത് ഉണ്ടാവാം’

കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ശ്രുതി ശരണ്യം രചനയും സംവിധാനവും നിര്‍മ്മിച്ച ചിത്രം സ്ത്രീകളുടെ ശരീര രാഷ്ട്രീയത്തെ മുഖ്യധാരാ ശൈലിയില്‍ അവതരിപ്പിക്കുന്നു. രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരിക്കാര്‍, സെറിന്‍ ഷിഹാബ്, അശ്വതി ബി, നവഗതയായ റെയ്ന രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെണ്‍കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ബി 32 മുതല്‍ 44 വരെ’ യിലെ മുലക്കഥകള്‍. എണ്ണിയാലൊടുങ്ങാത്ത മുലക്കഥകള്‍ ലോകത്ത് ഉണ്ടാവാമെന്നാണ് ജോസ്‌മോന്‍ വാഴയില്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കോടാനുകോടി കഥകളുണ്ടാവാം ലോകത്ത്… എത്ര മനുഷ്യനുണ്ടോ അതിലേറെ കഥകള്‍…. അതില്‍ കുറച്ച് കഥകള്‍ മാത്രമാവാം സിനിമയാവുന്നത്. അതുപോലെയാണ് ‘ബി 32 മുതല്‍ 44 വരെ’ യിലെ മുലക്കഥകള്‍. എണ്ണിയാലൊടുങ്ങാത്ത മുലക്കഥകള്‍ ലോകത്ത് ഉണ്ടാവാം… ഉണ്ട്… അതില്‍ വെറും 6 എണ്ണം മാത്രമാണ് ബി 32 മുതല്‍ 44 വരെ.

എണ്ണിയാലൊടുങ്ങാത്തത്ര മുലക്കഥകള്‍ ഉണ്ടെന്നൊക്കെ ഒരാണായിരിക്കെ നിനക്കെങ്ങനെ പറയാന്‍ കഴിയുമെന്നോ??? കുറച്ച് നല്ല പെണ്‍സൗഹൃദങ്ങള്‍ ഉണ്ടായാല്‍ മതി… കുറെ വായിച്ചാല്‍ മതി… ഭാര്യക്ക് കുറച്ച് ചെവി കൊടുത്താല്‍ മതി… ഒരുപാട് കിട്ടും. (സ്വയം വിശുദ്ധനാവുകയല്ലാ… തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ട്…)

ഈ ചിത്രത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അശ്വതി ബി അവതരിപ്പിച്ച ‘ജയ’ എന്ന കഥാപാത്രമാണ്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് ബ്രേസിയറിനു മോഡലാവേണ്ടി വന്ന വീട്ടുജോലിക്കാരിയില്‍ നിന്ന് തുടങ്ങുന്ന ജയയുടെ യാത്ര… സ്വയം പൊരുതി…. തനിക്കെന്താവാമെന്ന തിരിച്ചറിവിലൂടെ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ജയ…! ജയ സ്‌ക്രീനില്‍ നിന്ന് മറയുമ്പോള്‍ നമ്മുടെ മനസും നിറയും.

ഏറ്റവും വേദനിപ്പിച്ചത്, റൈന രാധാകൃഷ്ണന്‍ അവതരിപ്പിച്ച ‘നിധി’ ആയിരുന്നു. കുറെ സമയം കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാതിരിക്കുമ്പോള്‍ മുലകളില്‍ നിന്ന് പാല്‍ സ്വയം പുറത്തേക്കൊഴുകാന്‍ തുടങ്ങും. കുഞ്ഞ് അടുത്തില്ലാത്തപ്പോള്‍, കുഞ്ഞിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍, എന്തിനേറെപ്പറയുന്നു മറ്റാരുടെയെങ്കിലും കുഞ്ഞ് കരയുന്നത് കേട്ടാല്‍ പോലും ഇങ്ങനെ പാല്‍ ചുരത്തപ്പെടാറുണ്ടത്ര. അങ്ങനെ ഒരു അവസ്ഥയില്‍ ‘നിധി’ അവള്‍ പഠിക്കുന്ന പതിനൊന്നാം ക്ലാസിലെ ബഞ്ചിലിരുന്ന് കണ്ണീരും മുലപ്പാലും പൊഴിക്കുന്നു. ചിന്തിക്കാന്‍ പോലുമാവാത്തതാണവളുടെ കഥാസാഹചര്യം…! നിധിയാവേണ്ടവളാണവള്‍… പക്ഷെ…

ഇങ്ങനെ വ്യത്യസ്തങ്ങളായ 6 കഥകള്‍. എല്ല കഥകളേയും കുറിച്ച് പറയാന്‍ നില്‍ക്കുന്നില്ല. എന്നാലും, ഈ 6 കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്ന പേരും അവരവരുടെ കഥയും വളരെ കണക്റ്റായി തോന്നി. അത് യാദൃശ്ചികമായി സംഭവിച്ചതായി തോന്നിയില്ലാ.

‘ജയ’ – അവള്‍ ജയിക്കാനായി തീരുമാനിച്ചിറങ്ങുകയാണ് അവസാനം. ജയമവളുടേതാണ് താനും.

‘നിധി’ – നിധിയാണവള്‍… പക്ഷെ…! എന്നാല്‍ പോലും, അവളെ അവസാനം നിധിയായി കണ്ടെടുക്കുന്നുണ്ട്… തിളങ്ങുന്നുമുണ്ട്….!

സറിന്‍ ഷിഹാബ് അവതരിപ്പിച്ച ‘ഇമാന്‍’ – വിശ്വാസം, അംഗീകാരം എന്നൊക്കെയാണ് ഇമാന്‍ എന്നതിന്റെ അര്‍ത്ഥം. അവള്‍ക്കവളില്‍ തന്നെ വിശ്വാസമില്ലായിരുന്നു. തന്നിലെ കുറവുകളിലേക്ക് നോക്കി സ്വയം പോലും അംഗീകരിക്കപ്പെടാന്‍ അവാതിരുന്നവള്‍. എന്നിട്ടവള്‍ അവസാനം ഇത് രണ്ടും സ്വായത്തമാക്കി… അവള്‍ക്ക് വേണ്ടിത്തന്നെ…

അനാര്‍ക്കലി മരക്കാര്‍ മനോഹരമാക്കിയ ‘സിയ’ – അര്‍ത്ഥം കൊണ്ടവള്‍ വെളിച്ചമാണ്… തേജസ്സാണ്… സ്വയം എന്തെന്നും ആരെന്നും എങ്ങനെയെന്നും വ്യക്തതയുള്ള സിയ. അവള്‍ ഇമാനും ജയക്കും വെളിച്ചം പകര്‍ന്നു നല്‍കുന്നുണ്ട്. സ്വയം തേജസുറ്റവളുമാണ്.

കൃഷാ കുറുപ്പിന്റെ ‘റേച്ചല്‍’ – അര്‍ത്ഥം: പരിശുദ്ധി / പെണ്ണാട്….! ബി 32 മുതലില്‍ റേച്ചല്‍ കൃത്യമായി ഇവ രണ്ടിന്റേയും അടയാളമാകുന്നുണ്ട്. തന്റെ അനുവാദമില്ലാതെ തൊട്ടശുദ്ധമാക്കാന്‍ ശ്രമിക്കുന്നവനെതിരെ നിലകൊള്ളുന്നുണ്ട്… നിലപാടെടുക്കുന്നുമുണ്ട്.

രമ്യ നമ്പീശന്‍ ഗംഭീരമാക്കിയ ‘മാലിനി’ – മാലയിട്ട… അപ്‌സരസ്…. മുല മുറിച്ചുകളഞ്ഞ പാടുകള്‍ അവളെ മാലയിട്ട അപ്‌സരസാക്കുന്നുണ്ട്. മാലിനി എന്നതിന് സുഗന്ധമുള്ള അല്ലെങ്കില്‍ മധുരം എന്നൊക്കെ അര്‍ത്ഥമുണ്ടത്ര. ശരിയാണ്… മാലിനി പരത്തുന്ന സുഗന്ധത്തിലാണ് ഒരമ്മയും കുഞ്ഞും ജീവിക്കുന്നത്. പിന്നെ സരസ്വതിദേവിയെ മാലിനി എന്ന് പറയാറുണ്ട്. അതെ അവള്‍ മാലിനി തന്നെ.

ഈ സിനിമയെക്കുറിച്ച് വായിച്ച് ഒരു പുരുഷനും കലിപ്പ് തോന്നേണ്ടതായി ഒന്നുമില്ലാ സത്യത്തില്‍… Unless you are one of them…-
ഒരു ചരടില്‍ കോര്‍ത്ത മുത്ത്മാലകള്‍ കണക്കെ 6 കഥകളെ കോര്‍ത്തിണക്കി അതിമനോഹരമായി അവതരിപ്പിച്ചതിന്
Shruthi Sharanyam വും ടീമും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ശ്രുതിയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കാന്‍ ഈ മുലക്കഥക്കാഴ്ച്ചകള്‍ കാരണമാവുന്നുണ്ട്…
— —
ഓഫ്ബിറ്റ്: പ്രിയപ്പെട്ട ഇമാന്‍, 32AA എന്നൊരു സൈസ് ആമസോണില്‍ അവൈലബിള്‍ ആണ് കെട്ടോ. ലിങ്ക് വേണേല്‍ തരാവുന്നതാണ്. ആ കടയിലെ സെയില്‍സ് ഗേളിന് അറിയില്ലാഞ്ഞിട്ടാ.

എക്‌സട്രാ പീസ്: ഗൂഗിളില്‍ 32AA തിരയാന്‍ പോയതിന്റെ ബാക്കിയായിട്ടിപ്പോ എന്റെ ബ്രൗസറില്‍ എല്ലായിടത്തും ബ്രായുടെ പരസ്യം കാണിക്കുന്നു. അതിനി എങ്ങനെ മാറ്റുമെന്നാരെങ്കിലും പറഞ്ഞ് തരൂ…!

You May Also Like