Connect with us

Hi, what are you looking for?

Film News

‘കാലത്തിനൊത്ത മാറ്റം പ്രിയദര്‍ശനില്‍ ഉണ്ടായത് മലയാള സിനിമയ്ക്ക് നന്നായി എന്ന സൂചനയാണ് ‘കൊറോണ പേപ്പേഴ്സ്”’

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്‌സ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നടന്‍ ഷെയിന്‍ നിഗമാണ് സിനിമയിലെ നായകന്‍. ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ‘ന്നാ താന്‍ കേസ് കൊട്’ന് ശേഷം ഗായത്രി വീണ്ടും അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കാലത്തിനൊത്ത മാറ്റം പ്രിയദര്‍ശനില്‍ ഉണ്ടായത് മലയാള സിനിമയ്ക്ക് നന്നായി എന്ന സൂചനയാണ് ‘കൊറോണ പേപ്പേഴ്സിന്റെയെന്നാണ് ജോയ് എബ്രഹാം മൂവീ ഗ്രൂപ്പില്‍ പറയുന്നത്.

വള്ളുവനാടന്‍ വിചാരണ
‘കൊറോണ പേപ്പേഴ്സ്’
ഒരു പ്രിയദര്‍ശന്‍ – സിദ്ദിക്ക് സിനിമ
കാലത്തിനൊത്ത മാറ്റം പ്രിയദര്‍ശനില്‍ ഉണ്ടായത് മലയാള സിനിമയ്ക്ക് നന്നായി എന്ന സൂചനയാണ് ‘കൊറോണ പേപ്പേഴ്സ്” എന്ന ചിത്രം വ്യക്തമാക്കുന്നത് . ഒരുപാട് പ്രതീക്ഷകളോ മുന്‍വിധികളോ ഒന്നും തന്നെയില്ലാതെയാണ് കൊച്ചി കുണ്ടന്നൂരിലെ ന്യൂക്ലിയസ് മാളില്‍ ഈ സിനിമ കാണാന്‍ പോയത് . സൂപ്പര്‍ സ്റ്റാറുകളില്ലാതെ ഒരു സിനിമ എങ്ങനെ പ്രിയദര്‍ശന്‍ വിജയിപ്പിക്കും എന്നറിയണം എന്ന തോന്നലിലാണ് സിനിമ കാണാമെന്ന് കരുതിയത് . സിനിമയുടെ തുടക്കം തന്നെ പ്രിയദര്‍ശന്‍ എന്ന മികച്ച സംവിധായകന്റെ കഴിവ് തെളിയിക്കുന്നതായിരുന്നു എന്ന് പറയാന്‍ ഒരുപാട് സന്തോഷം . ഓരോ സീനിനും അനുസരിച്ചുള്ള കളര്‍ ഗ്രേഡിങ്ങും ക്യാമറ ആംഗിളും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന വിധമാണ് വിനിയോഗിച്ചിരിക്കുന്നത് . സൂപ്പര്‍ താരങ്ങളും, റൊമാന്‍സും പാട്ടുകളുമില്ലാതെ എങ്ങനെ ഒരു നല്ല ചിത്രം നിര്‍മ്മിക്കാം എന്ന് പ്രിയദര്‍ശന്‍ ഈ സിനിമയിലൂടെ തെളിയിച്ചിരിക്കുന്നു . ഈ ചിത്രം സിദ്ദിക്ക് എന്ന മഹാനായ നടനവിസ്മയത്തിന്റെ കൈകളില്‍ സുരക്ഷിതവും ഹൃദയസ്പര്‍ശിയുമായി എന്നത് എടുത്ത് പറഞ്ഞേ കഴിയുകയുള്ളൂ . തുടക്കം മുതല്‍ ഒടുക്കം വരെ സിദ്ദിഖിന്റെ അഭിനയമികവ് തന്നെയാണ് ഈ സിനിമയുടെ ഹൈ ലൈറ്റ് . 1990 -ല്‍ സിദ്ദിക്ക് എന്ന നടന്‍ തുടങ്ങിയ വിജയഗാഥ 2023 -ല്‍ എത്തിനില്‍ക്കുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നടന്‍ എന്ന പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹനാകാന്‍ സാധ്യതയുള്ള അഭിനയമികവാണ് കാഴ്ചവച്ചിരിക്കുന്നത് . പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ”കൊറോണ പേപ്പേര്‍സ്” എന്ന സിനിമയില്‍ സര്‍വീസില്‍ നിന്ന് തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് പുറത്താകേണ്ടി വരുന്ന പോലീസ് ഓഫിസറുടെ വേഷത്തിലാണ് സിദ്ദിക്ക് അഭിനയിച്ചിരിക്കുന്നത് .
എഴുത്തിലും സിനിമയിലുമെല്ലാം ആശയങ്ങള്‍ കടം കൊള്ളുക സ്വാഭാവികം മാത്രം , പ്രിയന്‍ അത് പല സിനിമകളിലും ആവര്‍ത്തിക്കുകയും സൂപ്പര്‍ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുമുണ്ട് . മലയാള നോവലില്‍ തന്നെ ‘ആടുജീവിതവും , ആരാച്ചാരുമെല്ലാം’ പല നോവലുകളില്‍ നിന്നും കടംകൊള്ളുകയോ , കടമെടുക്കുകയോ ചെയ്യപ്പെട്ട കൃതികളാണ് എന്നത് നല്ല വായനക്കാര്‍ തിരിച്ചറിഞ്ഞു , പക്ഷെ അവരാരും അതേറ്റുപറയാന്‍ തയ്യാറായില്ല എന്ന് പറയുമ്പോള്‍ ആണ് വായനക്കാരന്‍ വഞ്ചിക്കപ്പെടുന്നത് . വിഖ്യാത ചലച്ചിത്രകാരന്‍ അകിര കുറസോവ 1949ല്‍ നിര്‍മിച്ച സ്‌ട്രേ ഡോഗ്‌സ് എന്ന സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊറോണ പേപ്പേഴ്‌സ് ഒരുക്കിയതെന്ന് സിനിമയുടെ ആദ്യം എഴുതിക്കാണിക്കാനുള്ള ആര്‍ജ്ജവം പ്രിയന്‍ കാട്ടിയെന്നത് പ്രശംസനീയം .
പ്രിയദര്‍ശന്റെ പതിവു തമാശകള്‍ ഒന്നുമില്ലാത്ത സിനിമയാണ് ‘കൊറോണ പേപ്പേഴ്‌സ്’. ഒരു ത്രില്ലര്‍ കഥ പറയുന്ന ചിത്രത്തില്‍ പുതുതലമുറ അഭിനേതാക്കളെ നിരത്തി കാണികളെ ഞെട്ടിപ്പിക്കാന്‍ പ്രിയദര്‍ശനു കഴിയുന്നത് സിനിമയിലുള്ള തഴക്കവും പഴക്കവും കൊണ്ടുതന്നെയാണ് . ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ അകിര കുറോസാവയുടെ ‘സ്ട്രേ ഡോഗിനെ’ മലയാള സിനിമയുടെ വെത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിപ്പിക്കാന്‍ പ്രിയന്‍ നടത്തിയ ശ്രമം പ്രേക്ഷകനെ പിടിച്ചിരുത്തും . ചിത്രത്തിന് കൊറോണ പേപ്പേഴ്സ് എന്ന് പേരിട്ടതിന് പ്രധാന കാരണം മഹാമാരിയുടെ നാളുകളില്‍ നാമെല്ലാം നിര്‍ബന്ധിതമായി ധരിക്കേണ്ടി വന്ന മാസ്‌ക്കിന് ഈ കഥയില്‍ ചിലത് പറയാനുണ്ട് . കഥയുടെ ഒഴുക്കില്‍ തെളിവുകളുടെ അപര്യാപ്തത സൃഷ്ടിക്കാന്‍ സംവിധായനും കഥാകൃത്തുമൊരുക്കിയ ഒരു മറ തന്നെയാണ് കൊറോണയും മാസ്‌ക്കും .
സാധാരണ രീതിയില്‍, സിനിമയുടെ അവസാന ഭാഗത്ത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന ഒരു സീക്വന്‍സിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. നോണ്‍ ലീനിയര്‍ ആയി ദൃശ്യവല്‍ക്കരിച്ച തുടക്കം അതി ഗംഭീരമെന്നേ പറയാന്‍ കഴിയൂ , കാരണം ഒരു സിനിമയോ നോവലോ പത്തുമിനിറ്റെങ്കിലും വായനക്കാരനെയോ പ്രേക്ഷകനെയോ പിടിച്ചിരുത്തിയാല്‍ സിനിമയോ നോവലോ വിജയിച്ചു എന്ന് പറയാം, അതിന് സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രിയദര്‍ശന് കഴിഞ്ഞു എന്നത് തന്നെയായിരിക്കും ഈ സിനിമയുടെ വിജയം . സ്‌കെയിലിങ്ങിലും വിഷ്വല്‍ ക്രാഫ്റ്റിലുമുള്ള പ്രിയദര്‍ശന്റെ കണ്ണാണ് യഥാര്‍ത്ഥത്തില്‍ ഈ ത്രില്ലറിനെ തികച്ചും ആകര്‍ഷകമായ തലത്തിലേക്ക് ഉയര്‍ത്തുന്നത്. പ്രിയദര്‍ശന്‍ തിരക്കഥയുടെ ഭംഗി ചോരാതെ ലൈറ്റ് ആന്‍ഡ് ഷെയിഡ് സിലൗറ്റ് ഷോട്ടുകളാണ് പ്രധാന രംഗങ്ങളില്‍ അദ്ദേഹം സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നത് എടുത്തുപറയാതെ വയ്യ . ഒരു മികച്ച സിനിമട്ടോഗ്രാഫര്‍ക്കും സംവിധായകനും മാത്രം കഴിയുന്ന വിഷ്വല്‍സ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് ആണ് . നിരവധി നാടകീയ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് പ്രിയദര്‍ശന്‍ കൊറോണ പേപ്പറുകള്‍ക്ക് മൊത്തത്തില്‍ വ്യത്യസ്തമായ ഷേഡ് നല്‍കിയത് .
നാന്നൂറിനടുത്ത് ചിത്രങ്ങളില്‍ അഭിനയിച്ച സിദ്ദിക്ക് മലയാളിക്ക് നിരവധി നല്ല കഥാപാത്രങ്ങളെ നല്‍കിയിട്ടുണ്ട് , എങ്കിലും ഞാന്‍ കണ്ട സിദ്ദിക്ക് സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടമായ കഥാപാത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ എന്ന സിനിമയിലെ പോലീസ് ഓഫീസര്‍ . .സിനിമയുടെ തുടക്കത്തില്‍ ഏറെ വൈകാരികത നിറഞ്ഞ സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ സിദ്ദിഖിന് നിരാശാജനകമായ ചില നടപടികള്‍ സ്വീകരിക്കേണ്ടിവരുന്നു .ആ കഥാപാത്രത്തിന്റെ വൈകാരിക ഇടം അവിസ്മരണീയമാക്കാന്‍ അദ്ദേഹത്തിന്റെ ചടുലമായ ശരീരഭാഷ കൊണ്ടും വോയ്സ് മോഡുലേഷന്‍ കൊണ്ടും നടത്തിയ അഭിനയപാടവം എത്ര പ്രശംസിച്ചാലും അധികമാവില്ല .
എണ്‍പതുകളിലെ ന്യൂജന്‍ താരങ്ങളെ കോമഡി ട്രാക്കില്‍ അഴിച്ചുവിട്ട് ചരിത്രം സൃഷ്ടിച്ചയാളാണ് പ്രിയദര്‍ശന്‍. ഈ കാലഘട്ടത്തില്‍ ഷെയ്ന്‍ നിഗമും ഷൈന്‍ ടോം ചാക്കോയും മുതല്‍ ജീന്‍ പോള്‍ ലാല്‍ വരെയുള്ള പുതുതലമുറ താരങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിച്ച് കയ്യടിനേടാന്‍ കൊറോണ പേപ്പേഴ്‌സിലൂടെ പ്രിയനു കഴിയുന്നുണ്ട്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ നായികയും ജഡ്ജിയും ‘കൊറോണ പേപ്പേഴ്‌സി’ലും അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട് . ഇരുട്ടും തവിട്ടും നിറങ്ങള്‍ ഇടകലര്‍ത്തിയ ഫ്രെയിമുകള്‍ കഥപറച്ചിലിന് ആദ്യാവസാനം മികച്ച പിന്തുണയാണ് നല്‍കുന്നത്. ഛായാഗ്രാഹകന്‍ ദിവാകര്‍ മണിയേയും എഡിറ്റര്‍ അയ്യപ്പന്‍ നായരേയും മറന്നുകൊണ്ട് എനിക്കീ വിചാരണ അവസാനിപ്പിക്കാനാവില്ല . മലയാള സിനിമയില്‍ അടുത്തകാലത്തായി നിരവധി ത്രില്ലര്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും സൂര്യനുചുറ്റും ഭൂമി കറങ്ങുന്നതുപോലെ സിദ്ദിക്ക് എന്ന നടനുചുറ്റും കറങ്ങിക്കൊണ്ട് പ്രേക്ഷകനെ ത്രില്ലര്‍ മൂവിയുടെ എല്ലാ സാധ്യതകളും ആസ്വദിപ്പിച്ചുകൊണ്ട് ചിത്രീകരിച്ച ‘കൊറോണ പേപ്പേര്‍സ്’ തീയറ്ററില്‍ തന്നെ കണ്ടാസ്വദിക്കുക . സിദ്ദിക്ക് എന്ന നടന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
വള്ളുവനാടന്‍
മുന്‍ -ബഹിരാകാശ ഗവേഷണ ശാസ്ത്രജ്ഞന്‍ (ISRO)
കവി , കഥാകൃത്ത് , തിരക്കഥാകൃത്ത് , സംവിധായകന്‍

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയ ഒരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. എം എസ് അയ്യപ്പന്‍ നായര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മനു ജഗദ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മാണ സംരഭം കൂടിയാണിത്. എന്‍ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, മേക്കപ്പ്: രതീഷ് വിജയന്‍, ആക്ഷന്‍ രാജശേഖര്‍, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് ശാലു പേയാട് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

You May Also Like