Connect with us

Hi, what are you looking for?

Film News

ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം- മാളികപ്പുറം ഒടിടിയിലെത്തുന്നു

നൂറ് കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. എന്നാല്‍ ഉടന്‍ എത്തും എന്ന അറിയിപ്പല്ലാതെ കൃത്യം റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ഒരു ചെറു ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പ്രഖ്യാപനം.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന വിശേഷണവും മാളികപ്പുറത്തിനു സ്വന്തം. 40 ദിവസം കൊണ്ടാണ് ചിത്രം ഈ സുവര്‍ണനേട്ടം കൊയ്തത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ ഹൗസ് ഫുള്ളാണ്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

You May Also Like