Connect with us

Hi, what are you looking for?

Film News

ഇനി അമ്മയ്‌ക്കൊപ്പം കുഞ്ഞും കിടന്നുറങ്ങും: മാതൃ ദിനത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ സമ്മാനം

ദീര്‍ഘ യാത്രകളില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേര്‍തിരിവില്ലാതെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആശ്രയിക്കുന്ന യാത്രാ മാര്‍ഗമാണ് ഇന്ത്യന്‍ റെയില്‍വേ. ഇപ്പോഴിതാ മാതൃ ദിനത്തില്‍ കുടുംബമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കായി കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

യാത്രാ വേളയിലും രാത്രി സമയങ്ങളിലും കുഞ്ഞിനെ മറ്റൊരു സീറ്റില്‍ ഉറങ്ങാന്‍ കിടത്തുന്നത് ഏതൊരു അമ്മയ്ക്കും മാനസികമായി ബുദ്ധിമുട്ട് സമ്മാനിക്കുന്ന ഒന്നാണ്. ഈ അവസരത്തില്‍ കുഞ്ഞില്‍ കൃത്യമായി ശ്രദ്ധ ചെലുത്താന്‍ അമ്മയ്ക്ക് സാധിക്കാതെ വന്നേക്കാം എന്നതിനാലാണ്. എന്നാല്‍ അമ്മയ്ക്കും കുഞ്ഞിനും യാത്രാവേളയില്‍ ഒരുമിച്ച് കിടക്കുന്നതിനുള്ള സൗകര്യമാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്.

പ്രധാന സീറ്റിനോട് ചേര്‍ന്ന് ഒരു ചെറിയ സീറ്റുകൂടി ചേര്‍ത്താണ് ഇത്തരത്തില്‍ ഒരു സംവിധാനം ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തേഡ് എസി കോച്ചിലാണ് രണ്ട് പ്രത്യേക ബര്‍ത്തുകള്‍ ഒരുക്കിയിരിക്കുന്നത്.

ലക്‌നൗ ഡിവിഷനാണ് ഈ സേവനം ഒരുക്കിയത്. പരീക്ഷണം വിജയമായാല്‍ കൂടുതല്‍ കോച്ചുകളിലേയ്ക്ക് പുതിയ സീറ്റിന്റെ മാതൃക വ്യാപിപ്പിക്കും. കൂടാതെ റിസര്‍വേഷന്‍ സംവിധാനങ്ങളിലും കാര്യമായ പൊളിച്ചുപണി നടത്തേണ്ടിവരും. എങ്കില്‍ മാത്രമേ ബുക്ക് ചെയ്യുന്ന സമയത്ത് അമ്മയ്ക്കും കുഞ്ഞിനും അനുയോജ്യമായ ബെര്‍ത്ത് തിരഞ്ഞെടുക്കാന്‍ സാധിക്കൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാന ലക്ഷ്യത്തോടെ ട്രെയ്‌നില്‍ തൊട്ടില്‍ ഒരുക്കിക്കൊണ്ടുള്ള പരീക്ഷണത്തിനും റയില്‍വേ മുതിര്‍ന്നിരുന്നു. എന്നാല്‍ പദ്ധതി വിജയം കാണാത്തതിനെ തുടര്‍ന്ന് പിന്നീട് ഉപേക്ഷിച്ചു.

ദൂര യാത്രയ്ക്കായാണ് എപ്പോഴും ട്രെയിന്‍ മാര്‍ഗ്ഗം സ്വീകരിക്കാറ് എന്നിരിക്കെ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ എപ്പോഴും മടിയില്‍ ഇരുത്തുക എന്നതും ഒന്ന് സൗകര്യ പൂര്‍വം കിടക്കാന്‍ കഴിയുക എന്നതും അസാധ്യമായിരുന്നു. പ്രത്യേകിച്ചും രാത്രിയില്‍. ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായിരിക്കുകയാണ്.

You May Also Like