Connect with us

Hi, what are you looking for?

Film News

രണ്ടര കോടി രൂപ പ്രതിഫലം കൈപ്പറ്റി, പ്രൊമോഷന് സഹകരിക്കുന്നില്ല- കുഞ്ചാക്കോ ബോബനെതിരെ പദ്മിനി ടീം

കഴിഞ്ഞ ദിവസം തീയേറ്ററുകളില്‍ റിലീസ് ആയ ചിത്രമാണ് പദ്മിനി. കുഞ്ഞിരാമായണം, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നി ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് സെന്ന ഹെഗ്ഡേയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയത്. തീയേറ്ററുകളില്‍ നിന്നു മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രവുമായി ബന്ധപ്പെട്ടൊരു വിവാദം ഉണ്ടായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നായകന്‍ കുഞ്ചാക്കോ ബോബന്റെ ഭാഗത്ത് നിന്നു യാതൊരു സഹകരണവും ഉണ്ടായിട്ടില്ല എന്നാണ് നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നത്.

പദ്മിനിയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സുവിന്‍ കെ വര്‍ക്കിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒപ്പം പങ്ക് വച്ചിരിക്കുന്ന പദ്മിനിയുടെ പോസ്റ്ററില്‍ ചാക്കോച്ചന്റെ ചിത്രം കറുപ്പിച്ചിട്ടുമുണ്ട്. സുവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെ

‘പദ്മിനിയെ ഹൃദയത്തിലേറ്റിയതിനു നന്ദി,എല്ലാ സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന മികച്ച റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ മനസ് നിറക്കുന്നുണ്ട്.

എന്നാല്‍ സിനിമയുടെ പ്രൊമോഷനിലെ പോരായ്മകള്‍ സംബന്ധിച്ചു ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടതായുണ്ട്. അതേ കുറിച്ചു സംസാരിച്ചു തുടങ്ങുന്നതിനു മുന്‍പ് ഒരു കാര്യം, പദ്മിനി ഞങ്ങള്‍ക്കൊരു ലാഭകരമായ ചിത്രമാണ്. തീയേറ്ററുകളില്‍ നിന്നു എന്ത് ഷെയര്‍ കിട്ടിയാലും, ഞങ്ങള്‍ക്ക് ലാഭം തന്നെയാണ്. ഞങ്ങളുടെ പ്രൊഡക്ഷന്‍ ടീമിനും, സെന്ന, ശ്രീരാജ് തുടങ്ങിയ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി. നിശ്ചയിച്ചുറപ്പിച്ച ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്നു ഏഴു ദിവസം മുന്‍പ് ഞങ്ങള്‍ക്ക് ഷൂട്ട് തീര്‍ക്കാന്‍ സാധിച്ചിരുന്നു.

പക്ഷേ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ചിന്തിക്കുകയാണെങ്കില്‍ തിയേറ്ററില്‍ നിന്നുള്ള റെസ്‌പോണ്‍സുകള്‍ തന്നെയാണ് ഏറ്റവും വലുത്. സിനിമയില്‍ അഭിനയിക്കുന്ന നായകന്റെ സ്റ്റാര്‍ഡമിനു തീയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ വലിയൊരു പങ്കുണ്ട്. പദ്മിനിയുടെ കാര്യമെടുത്താല്‍,2.5 കോടി രൂപയാണ് നായക നടന്‍ പ്രതിഫലമായി കൈപ്പറ്റിയത് എന്നിട്ട് പോലും ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവിന്റെയൊ പ്രൊമോഷന്‍ പ്രോഗ്രാമിന്റെയോ ഭാഗമായിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ നിര്‍ദേശിച്ച പ്രകാരം സിനിമയുടെ റോ ഫുടേജ് (പൂര്‍ത്തിയാകാത്ത രൂപം ) മാത്രം കണ്ട ഒരു പ്രൊമോഷന്‍ കണ്‍സള്‍ട്ടണ്ട് അഭിപ്രായപെട്ടത് പ്രകാരം ചിത്രത്തിന് വേണ്ടി ഞങ്ങള്‍ സൃഷ്ടിച്ച പ്രൊമോഷന്‍ പ്ലാനുകളും ചാര്‍ട്ടുകളും നിഷ്‌കരുണം അവര്‍ തള്ളിക്കളഞ്ഞു. ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് മൂന്നു സിനിമകളുടെ കാര്യത്തിലും സംഭവിച്ചത്. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്യേണ്ടേ..?. അതു കൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രതികരിച്ചത്.

ഒരു നടന്‍ തന്നെ കോ പ്രൊഡ്യൂസര്‍ ആയ ഒരു സിനിമയിലും ഇത് സംഭവിക്കില്ല. അത്തരത്തിലുള്ള സിനിമയുടെ എല്ലാ ടി വി ഇന്റര്‍വ്യൂകളിലും അവര്‍ ഇരിക്കാറുമുണ്ട്. പുറത്ത് നിന്നൊരു പ്രൊഡ്യൂസര്‍ വരുമ്പോളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. പദ്മിനിയിലെ നായക നടനെ സംബന്ധിച്ചു 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയ ഒരു സിനിമയുടെ പ്രൊമോഷനു പങ്കെടുക്കുന്നതിലും വലുത് യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ സന്തോഷമാണെന്ന് തോന്നുന്നു.

സിനിമകള്‍ക്ക് തിയേറ്റര്‍ റണ്‍ കുറയുന്നു എന്നതിന്റെ പേരില്‍ വിതരണക്കാരും നിര്‍മ്മാതാക്കളും ശബ്ദമുയര്‍ത്തുന്ന ഈ കാലത്ത്, സിനിമകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്നതുമൊരു വലിയ ചിന്തയാണ്. താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ പ്രൊമോട്ട് ചെയ്യണം എന്നതൊരു കടമ തന്നെയാണ്. ഒരു വര്‍ഷം ഇരുന്നുറിനു മുകളില്‍ സിനിമകള്‍ റീലീസ് ആകുന്നിടത്ത് അവര്‍ അഭിനയിക്കുന്ന സിനിമകളിലേക്ക് ജനങ്ങളെ എത്തിക്കേണ്ടതായുണ്ട്. ഇത് സിനിമയാണ് ജനങ്ങളുടെ വിധി തന്നെയാണ് നിങ്ങളുടെ നിലനില്‍പ്പ്. സിനിമയുടെ മാജിക്ക് എന്തെന്നാല്‍ ‘കോണ്‍ടെന്റ് തന്നെയാണ് എല്ലായിപ്പോഴും വിജയിക്കുക ‘ എന്നതാണ്.

കുറിപ്പ് – ഈ നടന് വേണ്ടി പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ പോരാടിയ എല്ലാ പ്രൊഡ്യൂസര്‍ സുഹൃത്തുക്കളോടും നന്ദി.’

സിനിമ വ്യവസായം പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുമ്പോള്‍ സിനിമക്ക് വേണ്ടി പണം മുടക്കുന്ന ഒരു പ്രൊഡ്യൂസര്‍ പറയുന്ന ഈ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. താരങ്ങളെ സൃഷ്ടിക്കുന്നത് സിനിമയാണ് എന്നും അതേ സിനിമകളോടും പ്രേക്ഷകരോടും അവര്‍ കടപ്പെട്ടിരിക്കുന്നു എന്നുള്ള വലിയ തിരിച്ചറിവ് അഭിനേതാക്കള്‍ക്കുണ്ടാകണം. പണം മുടക്കുന്ന നിര്‍മാതാവിനോട്, സിനിമ തീയേറ്ററുകളില്‍ എത്തിക്കുന്ന തിയേറ്റര്‍ ഉടമകളോട്, സര്‍വോപരി പ്രേക്ഷകരോട് കാണിക്കേണ്ട മര്യാദ തന്നെയായി അവരത് കണക്കിലെടുക്കണം.

You May Also Like