Connect with us

Hi, what are you looking for?

Local News

റെയ്‌ഡോ കുറ്റം ചുമത്തലോ ഇനിയില്ല; ലൈംഗിക തൊഴില്‍ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

ലൈംഗിക തൊഴില്‍ നിയമവിധേയമാണെന്ന് സുപ്രീം കോടതി. ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ അവരില്‍ നിന്ന് പിഴ ഈടാക്കുകയോ ചെയ്യരുതെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. റെയ്ഡ് ചെയ്യാനോ അവര്‍ക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരിരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

നിയമത്തിന് കീഴില്‍ സെക്‌സ് വര്‍ക്കര്‍മാര്‍ക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍ നാഗേശ്വര റാവുവിന്റെ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ലൈംഗിക തൊഴിലിന് നിയമസാധുത നല്‍കിക്കൊണ്ടുള്ളതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയായതും, സ്വമേധാ ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക. അന്തസായി ജീവിക്കാനുള്ള അവകാശം ലൈംഗിക തൊഴിലാളികള്‍ക്കും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

രാജ്യത്ത് വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണ്. എന്നാല്‍ ഒരു വേശ്യാലയത്തില്‍ റെയ്ഡ് നടക്കുമ്പോള്‍ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കില്‍ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല. സമ്മതപ്രകാരമാണ് ബന്ധപ്പെടുന്നതെങ്കില്‍ പോലീസ് ഇവരുടെ കാര്യത്തില്‍ ഇടപെടുകയോ, ക്രിമിനല്‍ കേസ് എടുക്കുകയോ ചെയ്യരുതെന്ന് കോടതി വിശദീകരിച്ചു. തൊഴില്‍ എന്തു തന്നെയായാലും ഈ രാജ്യത്തുള്ള ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഒരമ്മ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് കൊണ്ട് ഒരു കുട്ടിയെ അവരില്‍ നിന്ന് വേര്‍പ്പെടുത്താനാവില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഉള്ളതാണ്. അതുപോലെ അവരുടെ കുട്ടികള്‍ക്കും അതുണ്ട്. പ്രായപൂര്‍ത്തായാവാത്ത ഒരു കുട്ടി വേശ്യാലയത്തിലോ സെക്‌സ് വര്‍ക്കര്‍മാര്‍ക്കോ ഒപ്പം ജീവിക്കുന്നുണ്ടെങ്കില്‍ ആ കുട്ടിയെ കടത്തി കൊണ്ടുവന്നതാണെന്ന മുന്‍ധാരണയോടെ പെരുമാറരുതെന്നും കോടതി നിര്‍ദേശിച്ചു.

ലൈംഗിക തൊഴിലാളികള്‍ക്ക് ഒപ്പമുള്ള കുട്ടി മകനോ മകളോ ആണെന്ന് പറഞ്ഞാല്‍, പരിശോധനയിലൂടെ ആ വാദം കണ്ടെത്തണം. പറഞ്ഞ കാര്യം ശരിയാണെങ്കില്‍ ആ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തരുതെന്നും കോടതി അറിയിച്ചു.

You May Also Like