Connect with us

Hi, what are you looking for?

Film News

അമ്മ സംഘടനയില്‍ ആര്‍ക്കും ഒന്നും പറയാന്‍ പാടില്ലാത്ത അവസ്ഥയാണെന്ന് നടി രേവതി

നടന്‍ വിജയ് ബാബുവിന് എതിരായ പീഡന പരാതിയില്‍ താര സംഘടനയായ അമ്മയുടെ നിലപാടിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നടി മാല പാര്‍വ്വതി രാജി വച്ചതിന് പിന്നാലെ നടി ശ്വേതാ മേനോനും കുക്കു പരമേശ്വരും രാജി സമര്‍പ്പിച്ചു. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് അടക്കം വിജയ് ബാബുവിനെ പുറത്താക്കണമെന്ന സെല്ലിന്റെ ആവശ്യത്തിന് യാതൊരു വിധ അനുകൂല നിലപാടും സംഘടന സ്വീകരിച്ചിരുന്നില്ല.

ഇതാണ് താരങ്ങളെ ചൊടിപ്പിച്ചത്. ഇതിനിടെ അമ്മയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി നടി രേവതിയും രംഗത്തെത്തി. അമ്മ സംഘടനയില്‍ ആര്‍ക്കും ഒന്നും പറയാന്‍ പാടില്ലാത്ത അവസ്ഥയാണെന്ന് രേവതി കുറ്റപ്പെടുത്തുന്നു.

താനിപ്പോഴും താരസംഘടനയിലെ ഒരംഗമാണ്. എന്തെങ്കിലും പറഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിച്ച് തന്നെ മാറ്റുമായിരിക്കുമെന്നും നടി പറഞ്ഞു. ഒരു ചാനല്‍ പരിപാടിയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

അതേസമയം, വിഷയത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ പ്രസ്ഥാവനയ്ക്ക് എതിരെ പരസ്യ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് തുടങ്ങി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ബാബു രാജ് രംഗത്തെത്തി. മാല പാര്‍വ്വതിയുടെ രാജിയെ സ്വാഗതം ചെയ്ത ബാബു രാജ്, രാജിയിലൂടെ അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല എന്നും അവര്‍ക്ക് പ്രതികരണ ശേഷി ഉണ്ടെന്ന് സമൂഹത്തിന് മനസ്സിലാക്കി നല്‍കാന്‍ സാധിച്ചതായും പറഞ്ഞു.

സ്ത്രീകള്‍ക്ക് പരാതി പറയാന്‍ വേറെ സംഘടന ഉണ്ടല്ലോ, അവിടെ പോയി പറയട്ടെ എന്ന് നടിമാരുടെ സംഘടനയായ ഡബ്‌ള്യു സി സിയെ സൂചിപ്പിച്ചുകൊണ്ടുള്ള മണിയന്‍ പിള്ള രാജുവിന്റെ പ്രസ്താവന തെറ്റായി പോയെന്നും, അമ്മയുടെ വൈസ് പ്രസിഡന്റ് അത് ഒരിക്കലും പറയാന്‍ പാടില്ലാത്തത് ആയിരുന്നുവെന്നും താരം പ്രതികരിച്ചു. ഒരു മുന്‍നിര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബു രാജിന്റെ പ്രതികരണം.

അമ്മയിലെ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികള്‍ അമ്മയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ വേറെ ആരാണ് ചര്‍ച്ച ചെയ്യാനുള്ളതെന്ന് ബാബു രാജ് ചോദിക്കുന്നു. മണിയന്‍ പിള്ളയുടെ പ്രസ്താവനയില്‍ വൈസ് പ്രസിഡന്റായ ശ്വേത ഉള്‍പ്പടെ മറ്റുള്ള വനിതകള്‍ക്കും അമര്‍ഷമുണ്ടാകും. അവരൊന്നും പാവകളല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണ്, ബാബുരാജ് പറഞ്ഞു.

You May Also Like