Connect with us

Hi, what are you looking for?

Film News

‘ഈ കല്യാണം നടന്നാ നിന്റെ മാമന്‍ തീര്‍ന്ന്’… അന്നബെന്‍, അര്‍ജുന്‍ അശോകന്‍ ചിത്രം ത്രിശങ്കു- ടീസര്‍

മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ത്രിശങ്കു’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ അച്യുത് വിനായക് ആണ് ഈ റൊമാന്റിക് ഹാസ്യ ചിത്രം സംവിധാനം ചെയ്യുന്നത്. അന്നാ ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്‌ചേഴ്‌സ്, ഗായത്രി എം, ക്ലോക്ക്ടവര്‍ പിക്‌ചേഴ്‌സ് & കമ്പനി എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍.

സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. ജയേഷ് മോഹന്‍, അജ്മല്‍ സാബു എന്നിവര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിര്‍വ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ ധനുഷ് നയനാര്‍. എ.പി ഇന്റര്‍നാഷണല്‍ ഇ4 എന്റര്‍ടെയ്ന്‍മെന്റിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. തിങ്ക് മ്യൂസിക് ഗാനങ്ങള്‍ പുറത്തിറക്കും.

പ്രശസ്ത നിയോ-നോയിര്‍ ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷന്‍ ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍തന്നെ ഏറ്റവും നല്ല കണ്ടെന്റ് ഉണ്ടാകുന്നതാണ് മലയാളം സിനിമകളെന്നും ‘ജോണി ഗദ്ദാര്‍’, ‘അന്ധാധുന്‍’, ‘മോണിക്ക ഓ മൈ ഡാര്‍ലിംഗ്’ തുടങ്ങിയ സമീപകാലത്ത് ഏറ്റവും നിരൂപക പ്രശംസ നേടിയതും സാമ്പത്തികമായി വിജയിച്ചതുമായ ചില ഹിന്ദി സിനിമകള്‍ സ്‌ക്രീനില്‍ കൊണ്ടുവരാനുള്ള ബഹുമതി തങ്ങള്‍ക്കു ലഭിച്ചു എന്നും സഞ്ജയ് റൗത്രേ പറഞ്ഞു. ത്രിശങ്കു വിലൂടെ മലയാള സിനിമാ ലോകത്തിലേക്ക് പ്രവേശിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സരിത പാട്ടീല്‍ മലയാള സിനിമാരംഗത്തെക്കുറിച്ചും അതിലെ വളര്‍ച്ചയെക്കുറിച്ചുള്ളമുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിച്ചു. ”ഒരുപക്ഷേ, മറ്റൊരു ഇന്ത്യന്‍ പ്രാദേശിക ചലച്ചിത്ര വ്യവസായത്തെയും നിലവിലെ മലയാളസിനിമയുടെ കഥാപാത്രവികസനത്തിനും ലളിതമായ കഥാശൈലിയുടെ മൂല്യവും താരതമ്യപ്പെടുത്താനാകില്ല. മലയാള സിനിമകളിലെ സാങ്കേതിക വൈദഗ്ധ്യവും കഥപറച്ചിലിന്റെ ഉയര്‍ന്ന നിലവാരവും ഞങ്ങള്‍ എല്ലായ്പ്പോഴും വിലമതിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള ഞങ്ങളുടെ ചുവടുവയ്പ്പ് മലയാളത്തില്‍ നിന്ന് പഠിക്കാനും ഈ മഹത്തായ പൈതൃകത്തിലേക്ക് ഞങ്ങളുടെ സര്‍ഗ്ഗാത്മക ശ്രമങ്ങള്‍ ചേര്‍ക്കാനുമുള്ള അവസരം നല്‍കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തൃശങ്കു പ്രേക്ഷകര്‍ക്ക് പുതുമയുള്ളതും ആകര്‍ഷകവുമായ ഒരു അനുഭൂതി നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ – സരിത പറഞ്ഞു. മാച്ച്ബോക്സ് ഷോട്ട്‌സ് മലയാളത്തിലെ മറ്റ് പ്രോജക്ടുകളുമായി സഹകരിക്കാന്‍ താല്പര്യപ്പെടുന്നുവെന്നും അവര്‍ വ്യകതമാക്കിയിരുന്നു.

You May Also Like